കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Thursday, 10 May 2012

Kozhiyunna Ilakal Paranjath - Murukan Kattakkada [കൊഴിയുന്ന ഇലകൾ പറഞ്ഞത് - മുരുകൻ കാട്ടാക്കട]


കൊഴിയുന്ന  ഇലകൾ പറഞ്ഞത്

താഴേക്ക്  താഴേക്ക്  പോകുന്നിതാ നമ്മൾ
നിലമെത്തി നിശ്ചേഷ്ടരായ്  മയങ്ങാൻ
കറവറ്റി, കർമബന്ധം മുറിഞ്ഞൊടുവിലീ
നിലമെത്തി നിശ്ചേഷ്ടരായ്  മയങ്ങാൻ
കുഞ്ഞുകാറ്റിനോടിക്കിളിക്കൊച്ചു സല്ലാപങ്ങൾ
രാഗസാന്ദ്രം പ്രഭാതങ്ങൾ തുമ്പിതുള്ളൽ കളികൾ
വഴക്കേറ്റിയെത്തും കൊടുങ്കാറ്റിനൊപ്പം
മുടിയുലഞ്ഞാടിപ്പെരുമ്പറക്കലഹങ്ങൾ
മുത്തച്ഛൻ അന്തിസൂര്യൻ നൽകുമുടയാട
എത്തിയിടുത്തിടം കണ്ണിമയ്ക്കും കളികൾ
സ്വച്ഛ ന്ദ മന്ദാനിലൻ തഴുകി മുത്തം തരും
ഇത്തിരി രാവുകൾ ചന്ദ്രികാചന്തങ്ങൾ...
ഒക്കെയും അന്യമായ്  പോകയാണിന്നു നാം
താഴേക്ക്  ചപ്പായി ചവറായി
നിലമെത്തി നിശ്ചേഷ്ടരായ്  മയങ്ങാൻ
നാവുവരളുന്നതുണ്ടെങ്കിൽ കനക്കേണ്ട
നാവിന്നു നാരായമുനകളല്ല
നമ്മൾ കരിയിലകൾ, നമ്മൾ കരിന്തിരികൾ
നമ്മിലെ നമ്മൾക്കു ദാഹമില്ല
ഉലഞ്ഞാടിടാനും ഉറഞ്ഞൂർന്നിടാനും
നമ്മിലുയിരിൻ തുടിപ്പിൻ തണുപ്പുമില്ല

പണ്ടു നാം ഊറ്റമോടാർത്തിരുന്നിവിടത്തെ
സന്ധ്യയുമുഷസ്സും നമുക്കു സ്വന്തം
സാഗരം സ്വന്തം സരിത്ത്   സ്വന്തം ശ്യാമ-
രാത്രികൾ സ്വന്തം കിനാക്കൾ സ്വന്തം

ഹിമകിങ്ങിണിപ്പൊൻതണുപ്പു സ്വന്തം,
സപ്തസ്വര സുന്ദരം കുയിൽമൊഴികൾ സ്വന്തം
രാവിലൊളികണ്ണിമയക്കുമുഡുനിരകൾ സ്വന്തം
ഇത്തിരിപോന്നദിനങ്ങൾക്കുനടുവിൽ നാം
കൊത്തിവിരിയിച്ചവയൊക്കെയും വ്യർഥമാം
സ്വപ്നങ്ങൾ തന്നണ്ഡമായിരുന്നു
ഇന്നേക്കു നാം വെറും കരിയിലകൾ നമ്മിലെ
ഹരിതാഭയും ജീവരസനയും മാഞ്ഞുപോയ്
ഉറവയൂറ്റും സിരാപടലങ്ങൾ വറ്റും
നദിപ്പാടുപോൽ വെറും വരകളായ്  നമ്മളിൽ
പതറാതെ ഇടറാതെ ഗമനം തുടർന്നിടാം
എവിടെയോ ശയനം കുറിച്ചിടപ്പെട്ടവർ

സ്വച്ഛന്ദ  ശാന്ത  സുഖ  നിദ്രയ്ക്കിടം തേടി
മുഗ്ദ്ധമാമാത്മബന്ധങ്ങൾക്കു വിടയേകി
ഒട്ടുമീലോകം നമുക്കില്ലയെന്ന  ചിത്-
സത്യം വഹിച്ചു വിടചൊല്ലാം നമുക്കിനി

മത്സരിക്കാതെ, വിയർക്കാതെ, പൂക്കളെ
തഴുകിക്കളിച്ചാർത്തതോർക്കാതെ പിന്നിലേ-
യ്ക്കൊട്ടുവിളി പാർക്കാതറയ്ക്കാതെ നീങ്ങിടാം

എന്ത്? നിൻ മിഴികളിൽ വറ്റാതെ നിറയുവാൻ
കണ്ണുനീരിപ്പോഴും ബാക്കിയെന്നോ??
എന്ത്? നിൻ കരളിൽ കുടുങ്ങിയൊരു പാട്ടുനിൻ
ചുണ്ടാം ചെരാതിൽ തെളിഞ്ഞുവെന്നോ?
സ്നിഗ്ദ്ധമാമാസൗരകിരണം പതി-
ഞെന്റെയും ഹൃത്തിലൊരു
മഴവില്ല് പൂത്തുവെന്നോ?

No comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ