കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Thursday 4 July 2013

പകലുകൾ രാത്രികൾ - അയ്യപ്പ പണിക്കർ [Pakalukal Raathrikal - Ayyappa Panikkar]

നീതന്നെ ജീവിതം സന്ധ്യേ
നീതന്നെ മരണവും സന്ധ്യേ
നീതന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീതന്നെ നീതന്നെ സന്ധ്യേ

നിൻ കണ്ണിൽ നിറയുന്നു
നിബിഡാന്ധകാരം
നിൻ ചുണ്ടിലുറയുന്നു
ഘനശൈത്യഭാരം
നിന്നിൽ പിറക്കുന്നു
രാത്രികൾ പകലുകൾ
നിന്നിൽ മരിക്കുന്നു സന്ധ്യേ
നീ രാത്രിതൻ ജനനി
നീ മൃത്യുതൻ കമനി
നീ പുണ്യപാപപരിഹാരം

നര വന്നു മൂടിയ ശിരസ്സിൽ
മനസ്സിൽ
നരനായൊരോർമ്മ വിളറുന്നു
നരകങ്ങളെങ്ങെന്റെ
സ്വർഗങ്ങളെ?ങ്ങവകൾ
തിരയുന്നു നീ തന്നെ സന്ധ്യേ
കണ്ണാടിയിൽ മുഖം
കാണുന്ന സമയത്തു
കണ്ണുകളടഞ്ഞു വെറുപ്പാൽ
കനിവിന്റെ നനവ്വൂറി
നിൽക്കുന്ന കണ്ണുമായ്
വരിക നീ വരിക നീ സന്ധ്യേ
നിദ്രകൾ വരാതായി
നിറകണ്ണിൽ നിൻ സ്മരണ
മുദ്രകൾ നിഴൽനട്ടു നിൽക്കെ
നിൻ മുടിച്ചുരുളിലെൻ
വിരൽ ചുറ്റി വരിയുന്നു
നിൻ മടിക്കുഴിയിലെൻ
കരൾ കൊത്തി വലിയുന്നു
എല്ലാർക്കുമിടമുള്ള
വിരിവാർന്ന ഭൂമിയിൽ
പുല്ലിന്നും പുഴുവിനും
പഴുതുള്ള ഭൂമിയിൽ
മുടി പിന്നി മെടയുന്ന
വിരൽ നീണ്ടു നീണ്ടുനിൻ
മടിയിലെക്കുടിലിൽച്ചെ-
ന്നഭയം തിരക്കുന്നു.

പകലായ പകലൊക്കെ
വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളിൽ
പിരിയാതെ 'ശുഭരാത്രി'
പറയാതെ കുന്നിന്റെ
ചെരിവിൽക്കിടന്നുവോ നമ്മൾ?
പുണരാതെ,ചുംബനം
പകരാതെ മഞ്ഞിന്റെ
കുളിരിൽക്കഴിഞ്ഞുവോ നമ്മൾ?
ഒരു വാതിൽ മെല്ലെ-
ത്തുറന്നിറങ്ങുന്നപോൽ,
കരിയില കൊഴിയുന്നപോലെ,
ഒരു മഞ്ഞുകട്ട
യലിയുന്നപോലെത്ര
ലഘുവായി, ലളിതമായ്
നീ മറഞ്ഞു!

വരുമെന്നു ചൊല്ലി നീ,
ഘടികാരസൂചിതൻ
പിടിയിൽ നിൽക്കുന്നില്ല കാലം
പലരുണ്ടു താരങ്ങ-
ളഅവർ നിന്നെ ലാളിച്ചു
പലതും പറ,ഞ്ഞതിൻ
ലഹരിയായ്ത്തീർന്നുവോ
പറയൂ മനോഹരി സന്ധ്യേ
പരലോകസംഗീതി
കേട്ടു ലയിക്കുവാൻ
മറിവ്വാന തിന്നതിൻ
മറവിയായ്ത്തീർന്നുവോ
പറയൂ മനോഹരി സന്ധ്യേ?
ചിറകറ്റു വീഴുന്നു താരം
ചിതകൂട്ടി നിൽക്കുന്നു കാലം
വരികില്ല നീ-
യിരുൾക്കയമായി നീ-
യിന്നു ശവദാഹമാണെൻ
മനസ്സിൽ
വരികില്ലെന്നറിയാമെ
ന്നായിട്ടും വാനം നിൻ
വരവും പ്രതീക്ഷിച്ചിരുന്നു
ചിരകാലമങ്ങനെ
ചിതൽ തിന്നു പോയിട്ടും
ചിലതുണ്ടു ചിതയിന്മേൻ വയ്ക്കാൻ

പൊഴിയുന്നു കരിയിലകൾ
നാഴിക വിനാഴികകൾ
കഴിയുന്നു നിറമുള്ള കാലം
വിറകൊൾവു മേഘങ്ങൾ
പറക നീയമൃതമോ
വിഷമോ വിഷാദമോ സന്ധ്യേ?
ഇനി വരും കൂരിരുൾ-
ക്കയമോർത്തു നീപോലും
കനിയുമെന്നൂഹിച്ച നാളിൽ
നിന്റെയീ നിഴലൊക്കെ-
യഴലെന്നു കരുതിയെൻ
തന്ത്രികളെ നിൻ വിരലിൽ വെച്ചു.
അറിയുന്നു ഞാ,നിന്നു
നിന്റെ വിഷമൂർച്ഛയിൽ
പിടയുന്നുവെങ്കിലും സന്ധ്യേ,
ചിരിമാഞ്ഞു പോയൊരെൻ
ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ-
യൊരു സൗഹൃദത്തിന്റെ
മൃതിമുദ്ര നീയതിൽ കാണും.

ഇനിയുള്ള കാലങ്ങ-
ളിതിലേ കടക്കുമ്പോ-
ഴിതുകൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും
വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ,
അലറാത്ത കടൽ, മഞ്ഞി-
ലുറയാത്ത മല, കാറ്റി-
ലുലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം
പണിചെയ്ത സ്മാരകം
നിവരട്ടേ, നിൽക്കട്ടേ സന്ധ്യേ!

നീതന്നു ജീവിതം സന്ധ്യേ
നീതന്നു മരണവും സന്ധ്യേ
നീതന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീതന്നെ നീതന്നെ സന്ധ്യേ

എവിടെന്നു വന്നിത്ര
കടുകയ്പു വായിലെ-
ന്നറിയാതുഴന്നു ഞാൻ നിൽക്കെ
കരിവീണ മനമാകെ-
യെരിയുന്നു പുകയുന്നു
മറയൂ നിശാഗന്ധി സന്ധ്യേ
ഒരു താരകത്തെ
വിഴുങ്ങുന്നു മേഘം
ഇരുളോ വിഴുങ്ങുന്നു
കരിമേഘജാലം
ഇരുളിന്റെ കയമാർന്നു
പോയ് സൗരയൂഥങ്ങ-
ളിനി നീ വരൊല്ലേ, വരൊല്ലേ!
ചിറകറ്റ പക്ഷിക്കു
ചിറകുമായ് നീയിനി-
പ്പിറകേ വരൊല്ലേ, വരൊല്ലേ!
അവസാനമവസാന-
യാത്രപറഞ്ഞു നീ-
യിനിയും വരൊല്ലേ, വരൊല്ലേ!

മൃതരായി, മൃതരായ്
ദഹിച്ചുപോയ്, നീവെച്ച
മെഴുകിൻതിരികളും സന്ധ്യേ
ഇനിയില്ല ദീപങ്ങ-
ളിനിയില്ല ദീപ്തിക-
ളിനിയും വെളിച്ചം തരൊല്ലേ!
ഒടുവിൽ നിൻ കാലടി-
പ്പൊടികൂടിത്തട്ടിയെൻ-
പടിവാതിൽ കൊട്ടിയടച്ചപോലെ
മറയൂ നിശാഗന്ധി സന്ധ്യേ,
 നിന്റെ മറവിയുംകൂടി മറയ്ക്കൂ

നീ തന്ന ജീവിതം
നീ തന്ന മരണവും
നീ കൊണ്ടുപോവുന്നു സന്ധ്യേ
അവസാനമവസാന-
മവസാനമീ യാത്ര-
യവസാനമവസാനമല്ലോ!

Thursday 2 May 2013

കുമാരനാശാൻ

ജഗദധീശ! രാത്രിയും ശശാങ്കതാരകങ്ങളും
പകലുമര്‍ക്കബിംബവും നിറന്ന മേഘജാലവും
മൃഗകദംബ പക്ഷി വൃക്ഷ പുഷ്പ ശലഭവൃന്ദവും
മികവില്‍ നിന്റെ വൈഭവങ്ങള്‍ വാഴ്ത്തിടുന്നു ദൈവമേ!
ഗഗനമെന്തൊരത്ഭുതം സമുദ്രമെന്തൊരത്ഭുതം
നിഖില ജീവജാലജീവനെന്നതെന്തൊരത്ഭുതം
സകലതും രചിച്ചതോര്‍ക്കിലഖിലനാഥനായ നീ
സകലശക്ത നിന്‍പദം നമിച്ചിടുന്നു ഞാന്‍ വിഭോ!
ദീനരില്‍ കൃപാരസം കലര്‍ന്നലിഞ്ഞീടേണമെന്‍
മാനസം, ഭവാനതിന്നു കരുണചെയ്ക സന്തതം
ഊനമറ്റ ചിത്തശുദ്ധി കൃത്യസക്തി തൃപ്തിയും
ഞാനിളച്ചിടായ്വതിന്നു നീ കടാക്ഷമേകണം.
ശോഭയിജ്ജനത്തിനുള്ളതൊക്കെ നഷ്ടമാകിലും
താപമച്ഛനമ്മമാര്‍ക്കുമാര്‍ക്കുമാര്‍ന്നിടാതെയും
കോപമത്സരാദിയെന്‍ മനസ്സിലേശിടാതെയും
നീ ഭരിച്ചു കാത്തുകൊള്‍ക ഞങ്ങളെ ദയാനിധേ!
രമ്യമായ മേടമേല്‍ സുഖിച്ചു ഞാനിരിക്കിലും
കര്‍മശക്തികൊണ്ടു വല്ല ചെറ്റയില്‍ കിടക്കിലും
എന്മനസ്സധര്‍മചിന്ത വിട്ടിരിപ്പതിന്നു നീ
ചിന്മയപ്രഭോ! കനിഞ്ഞനുഗ്രഹിക്ക ദൈവമേ.
ക്ഷണമൊരോന്നുപോകവേ ക്ഷയിച്ചിടുന്നു ജീവിതം
ഗുണമസംഖ്യമാളുകള്‍ക്കുചെയ്തിടേണ്ടതുണ്ടിവന്‍
ഉണര്‍വൊടെന്നുമെന്‍ പ്രവൃത്തി സമയനിഷ്ഠയോടു ഞാന്‍
അണുവിടാതെ ചെയ്യുമാറനുഗ്രഹിക്ക ദൈവമേ!
തുഷ്ടി ഞാന്‍ നിമിത്തമെന്റെ നാട്ടിനും ജഗത്തിനും
പുഷ്ടിയാര്‍ന്നു കാണ്മതിന്നെനിക്കു ഭാഗ്യമേകണം
ശിഷ്ടസംഗമത്തിനുള്ള യോഗവും ഭവിക്കണം
വിഷ്ടപേശ ഭക്തലോകപാലനാഥ പാഹിമാം!

Friday 5 April 2013

ഒരു പ്രണയഗീതം - ബാലചന്ദ്രൻ ചുള്ളിക്കാട് [Oru Pranayageetham - Balachandran Chullikkad]

ഇങ്ങസ്തമിക്കുന്നു സൂര്യൻ; പെരുവഴി
തീർന്നൂ, തിരിച്ചു നടക്കാം നമുക്കിനി
സ്വന്തം കുരുതിയിലേക്കു പോകുന്നൊരി-
ക്കൊമ്പ് ചുവന്നോരറവു മൃഗങ്ങൾക്കു
പിമ്പേ നടക്കുമ്പോഴും നമ്മെ ബന്ധിപ്പ-
തെന്താഭിചാരം? പ്രണയമോ പാപമോ?

ഇല്ല പൊട്ടിച്ചിരി; നീണ്ട ഞരക്കങ്ങ-
ളല്ലാതെ,യോരോ തകരക്കുടിലിലും
വെള്ളമിറങ്ങാതെ, ജീവിതമൂർച്ഛയിൽ
തുള്ളിപ്പനിച്ചു കിടക്കയാമുണ്ണികൾ

നീയറിയുന്നുവോ? ചോലമരങ്ങളിൽ
സായാഹ്നമോരോന്നിരുണ്ടുതൂങ്ങുന്നതും
നീണ്ടമൗനത്തിലേക്കെന്റെ രാപ്പക്ഷികൾ
നീലച്ചിറകു കുഴഞ്ഞു വീഴുന്നതും
നിദ്രാന്തരങ്ങളിൽ ദുർമരണത്തിന്റെ
സ്വപ്നം തലച്ചോറു കാർന്നുതിന്നുനതും?

ആർത്തിരമ്പുന്നൂ കടൽ; ഒരു കാലത്തു
കാറ്റുകൊള്ളാൻ നാം നടന്ന തീരങ്ങളിൽ
നോക്കൂ, പുഴുത്ത പകുതിയും മീൻ തിന്നു
തീർത്ത ശവങ്ങൾ, ശവങ്ങൾ, ശവങ്ങൾ...

കത്തുന്ന ചുമ്പനം കൊണ്ടു നീ പണ്ടെന്റെ
കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും
കണ്ണിന്റെ നക്ഷത്രജാലകത്തിൽക്കൂടി
ജന്മാന്തരങ്ങളെ കണ്ടു മൂർച്ഛിച്ചതും
എന്നോ കറുത്ത തിരശ്ശീല വീണതാം
ഉന്മാദനാടകരംഗസ്മരണകൾ
വർഷപാതങ്ങളിൽക്കുത്തിയൊലിച്ചുപോം
അർഥമില്ലാത്ത ദിനാന്ത്യക്കുറിപ്പുകൾ

ഓരോ ചുവടിലും നഗ്നപാദങ്ങളിൽ
ആണിത്തുരുമ്പു തറഞ്ഞു മുറിഞ്ഞു ഞാൻ
ഓരോ വിരലിലും കാലചക്രം പാഞ്ഞു
കേറിച്ചതഞ്ഞു, തൊടുമ്പോൾപ്പുളഞ്ഞു ഞാൻ

പാപശ്രുതികളിൽപ്പാതകം പാടിനാ-
മാടീ പകലിന്റെ പ്രേതപ്രഹസനം
രാവിൽത്തനിച്ചു തിരിച്ചെത്തി, വെണ്മുഖം-
മൂടിയൂരുമ്പോൾ,ത്തകർന്ന കണ്ണാടിയിൽ-
ക്കാണുന്ന നഗ്നനെപ്പോലും ചതിക്കണോ?
വീഴുന്നു ഞാനെൻ ഞെരിഞ്ഞി;ക്കിടക്കയിൽ

ഏതോ പരസ്യപ്പലകയിലിങ്ങനെ;
പാതിയടഞ്ഞ മനുഷ്യജന്മത്തിന്റെ
വാതിലിൽപ്പാദുകമൂരിവെക്കൂ,കണം
കാലിൽ വ്രണം നൊന്തുഴിഞ്ഞിരിക്കൂ, ഒരു
നേരം മരണം കുഴഞ്ഞ നാവാൽ നിന്റെ
പേരും വയസ്സും വിളിച്ചുചൊല്ലും വരെ

അന്ധകാരത്തിൽപ്പരസ്പരം കൊല്ലുന്ന
ബന്ധങ്ങൾതൻ മഹാഭ്രാന്താലയങ്ങളിൽ,
കുന്തിരിക്കപ്പുക ഭ്രൂണബലിയുടെ
ഗന്ധം മറയ്ക്കും വിവാഹരംഗങ്ങളിൽ
എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ
തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ
കാരമുള്ളിന്റെ കിരീടവും ചൂടി നാം
തേടി നടന്നതു സൗഖ്യമോ മൃത്യുവോ?

പിന്നിട്ട രാത്രിവിളക്കുകൾ ഛർദ്ദിച്ച
മഞ്ഞനീർമോന്തിക്കനത്ത കൺപോളയിൽ
വിങ്ങുന്നു ജന്മഗൃഹം; നിത്യരോഗിയാ-
മമ്മയും റാന്തലിൻ തേങ്ങും വെളിച്ചവും
നിർത്തൂ ചിലയ്ക്കൽ; നിനക്കെന്തു വേണ,മെൻ
ദുഃഖങ്ങളോ, ഫണം തീർത്ത പുല്ലിംഗമോ?

നേരമാവുന്നൂ, വരുന്നു ചിത്തഭ്രമ
രോഗികൾക്കുള്ളോരവസാനവാഹനം
വീർപ്പിൽക്കരച്ചിൽ ഞെരിച്ചടക്കിക്കൊണ്ടു
യാത്രയാക്കുന്നു വെറുക്കുന്നു നിന്നെ ഞാൻ
മുപ്പതു വെള്ളി വിലയുള്ള മെത്തയിൽ
പശ്ചാത്തപിക്കാത്ത കൈകളാലന്യനെ-
ക്കെട്ടിപ്പുണർന്നു കിടക്കൂ, ജരാനരാ
ബദ്ധദേഹാർത്തികൾ തൻ മൃതിലീലയിൽ

നിൽക്കട്ടെ ഞാനീയധോനഗരത്തിന്റെ
നിദ്രയും സ്വപ്നവുമില്ലാത്ത രാത്രിയിൽ
നാളത്തെ സൂര്യനും മുമ്പേ കൊലക്കത്തി
പാളേണ്ട മാടിന്റെ യാതനാരാത്രിയിൽ.

Monday 23 July 2012

ക്ഷമിക്കുക

എഞ്ചിനീയറിങ്ങ് പഠനവും, വിക്കി ഗ്രന്ഥശാലയിലെ പ്രവർത്തനങ്ങളും മൂലം ഇവിടെ ചിലവിടുന്ന സമയം പരിമിതപ്പെടുത്തേണ്ടി വരുന്നു. സദയം ക്ഷമിക്കുമല്ലോ.

Wednesday 11 July 2012

Oru Bhatante Ormaykk - Murukan Kattakkada [ഒരു ഭടന്റെ ഓര്‍മ്മയ്ക്ക് - മുരുകൻ കാട്ടാക്കട]


ഒരു ഭടന്റെ ഓര്‍മ്മയ്ക്ക്


ഗിരിശൃംഗ ഹിമശയ്യയില്‍
മയങ്ങുന്നുവോ ഹേ ശരവണന്‍
വ്രണിതമാം മാതൃഹൃദയമോര്‍ത്തിന്നു
കരളുരുക്കുന്നുവോ ശരവണന്‍
നിന്‍ രുധിരചിത്രം പതിഞ്ഞ വസ്ത്രാഞ്ചലം
ഇറുകെ മാറില്‍ പുണര്‍ന്നു നിന്നിന്നവള്‍
ഇണശരം തീണ്ടി ധരണി പൂക്കവേ
കരളു കീറി കരയും ക്രൌഞ്ജമായ്
കനലുകക്കുന്ന കണ്ണുമായ് നില്‍ക്കവേ
കാറ്റ് ചൊല്ലി കരയാതിരിയ്ക്കുക

പുഞ്ചിരിച്ചവന്‍ ഭൂമിയെ പുല്‍കുന്നു
തന്‍ പിതാമഹന്‍ പൊന്‍ ശരശയ്യയില്‍
ഉത്തരായനം കാത്തുറങ്ങുന്നതും
തന്ത്രിപൊട്ടി വെടിയുതിര്‍ന്നീടവേ
തംബുരു ശ്രുതി റാം എന്നുരച്ചതും
മെല്ലെയോര്‍ത്തു കിടക്കയാണിന്നവന്‍
പട്ടുമെത്തപോല്‍ ആ മഞ്ഞു മെത്തയില്‍

പുഞ്ചിരിയ്ക്കയാണാമുഖം പിന്നെയും
പിന്നെയെന്തിനു നീ കരഞ്ഞീടണം
കാറ്റു ചൊല്ലി കരയാതിരിയ്ക്കുക
കരളിലൊരു കോണിലിപ്പോഴും നീയെന്ന
തരളമാം സത്യം അറിക നീയെങ്കിലും
കരളിലൊരു കോണില്‍ ഇപ്പോഴും പിച്ചിയും
തളിരിളം പാല പൂക്കയാണെങ്കിലും
കരളിലൊരു കോണില്‍ ഇപ്പോഴും പൂക്കളും
ചെറുവയല്‍ക്കിളി കുഞ്ഞുമാണെങ്കിലും
വിജന സന്ധ്യകളില്‍ വീണ്ടുമാ കുറുനരികള്‍
കുറുകുമൊറ്റയ്ക്ക് കാതോര്‍ത്തിരിപ്പവന്‍
അടയിരിയ്ക്കുന്നൊരമ്മയ്ക്ക് കൂട്ടായ്
തളിരുലയ്ക്കുന്നരരുമയ്ക്ക് കാവലായ്
അവന്‍ അവിടെയുണ്ടു നീ കരയാതിരിയ്ക്കുക
അവനുറങ്ങാന്‍, തണുക്കാന്‍, വിശന്നിടാന്‍
സമയമല്‍പ്പവും ബാക്കിയില്ലോര്‍ക്കുക
അവനെയോര്‍ത്തു നീ കരയാതിരിയ്ക്കുക
അവനെയോര്‍ത്തു നീ പുളകം പുതയ്ക്കുക

താരകങ്ങളില്‍ തിരയാതിരിയ്ക്കുക
സാഗരത്തിന്റെ സിംഹനാദങ്ങളില്‍
മണ്ണിന്റെ വറ്റാത്ത ഉപ്പുനീരില്‍
അവന്‍ അവിടെയുണ്ട്
നീ കരയാതിരിയ്ക്കുക..
കരയാതിരിയ്ക്കുക..!

Saturday 16 June 2012

Ormamazhakkaaru - Murukan Kattakkada [ഓർമ്മമഴക്കാറ്‌ - മുരുകൻ കാട്ടാക്കട]



ഓർമ്മമഴക്കാറ്‌

കവിതേ പ്രിയപെട്ട ശൈലപുത്രീ
നിള പോലെ പ്രിയമെന്റെ നെയ്യാറുപോലെ നീ
ഒഴുകിപരക്കുകിന്നവനിലും ഇവനിലും
അതിരിലും പതിരിലും പിന്നെയീയെന്നിലും
കവിതേ കാമ്യതേ കണ്ണാടിപോലെന്നെ
ഒപ്പിയെടുക്കു നീ പിന്നെയും പിന്നെയും
കെട്ടിനിറുത്തുവാനാകാതൊടുവിലായ്
കുത്തിയൊലിക്കുവാൻ വെമ്പുമെൻ വ്യഥകളെ
ബാല്യത്തിൽ നിരാലംബനായൊറ്റയ്ക്ക്
പാതയിലൂടെ ഞാൻ പാഞ്ഞതും
മുറ്റത്തു പൂത്തുനിന്നോരൊറ്റവൃക്ഷം മറിഞ്ഞതും
വെട്ടിയ കൊമ്പിനും വിറകിനുമൊപ്പമെൻ
അച്ഛനെരിഞ്ഞെരിഞ്ഞില്ലാതെയായതും
ഒപ്പിയെടുക്കു നീ പിന്നെയും പിന്നെയും

ഒപ്പിയെടുക്കു നീ വട്ടിയുംതലയിൽ വ-
ച്ചുച്ചയിറങ്ങിവരുന്നൊരമ്മയെ
പക്കാവടയോ പരിപ്പുവടയോയെന്ന്
പൊട്ടാസുകണ്ണുകൾ പൊട്ടുന്ന വീഥിയെ-
അഞ്ചാം ക്ളാസ്സിലെ ഒന്നാം ബഞ്ചിന്റെ
അറ്റത്തിരിക്കും പൊതിച്ചോറിനെ,
ആ പൊതിച്ചോറിനെ ആർത്തിയാൽ-
നോക്കുന്നൊരോട്ടയുടുപ്പുള്ള കാക്കക്കറുമ്പനെ
കൂട്ടുകാർ വട്ടത്തിലുണ്ണാനിരിക്കുമ്പോൾ
ഓട്ട പൈപ്പിലെ ചീറ്റുന്ന വെള്ളത്തെ
ഉള്ളിലെ നീറ്റലിലേക്കു ചാല്കീറുന്നൊ-
രോട്ടയുടുപ്പുള്ള കാക്കക്കറുമ്പനെ
ഓർമയിൽ വീശും വിശപ്പിന്റെ കാറ്റേറ്റു
വാടി വീഴുന്നു നിറംകെട്ട ചെമ്പകം
കവിതേ പ്രിയപ്പെട്ട ശൈലപുത്രീ
ഒഴുകിപ്പരക്കു നീ പിന്നെയും പിന്നെയും
ഒപ്പിയെടുക്കു നീ കത്തിപ്പിടി സ്ലേറ്റ്, വള്ളിനിക്കർ
പിന്നെ പൊണ്ണത്തടി തയ്യൽ ടീച്ചറെ പാടത്തെ
ചാലു ചാടിക്കുവാൻ നീട്ടും കരങ്ങളെ
അപ്പുറം മാവിന്റെ ഞെട്ടറ്റ മാങ്ങയെ
ഉപ്പുതൊട്ടുണ്ണുന്ന കയ്പുചാൽ ചുണ്ടിനെ
പൊത്ത പോക്കറ്റിലൂടൂർന്നു വീഴുന്നോരു
ഞാറപ്പഴത്തിന്റെ കട്ടിച്ചുവപ്പുപോൽ
മാഞ്ഞുപോകാതെ പിടയ്ക്കുന്നു ബാല്യത്തി-
ലേതോ തോട്ടിലെ കൊച്ചുമീൻകുട്ടികൾ
ഒപ്പിയെടുക്കു നീ എപ്പൊഴോ രാത്രിയിൽ
പൊട്ടിയൊലിച്ചങ്ങു പെട്ടെന്നു വന്നൊരെൻ
ഇഷ്ടമോഹത്തിന്റെ കാമകൗമാരത്തെ

വേണ്ടാത്തതോരോന്നും ചൊല്ലി വികാരങ്ങൾ
വേറെയുമുണ്ടെന്ന പാഠം പഠിപ്പിച്ച
താഴത്തു വീട്ടിലെ ചങ്ങാതി സോമനെ
ഇരുളുള്ളതാം ഇടുക്കടവിൽ കുളിക്കുമ്പോ-
ളരുതാത്ത കുസൃതിയിൽ മുട്ടുന്ന മീനിനെ
കളിവാക്കു കൊണ്ടെന്റെ കാമ്യകാമനകളെ
മുളനുള്ളി നോവിച്ചൊരെൻ കൂട്ടുകാരിയെ
പെയ്യാതെ പോയ മഴക്കാല സന്ധ്യകൾ
മൊട്ടായി മുരടിച്ചു പോയ കാമായനം
ആടിത്തിമിർക്കുന്നൊരിടവപ്പെരുങ്കാളി
ചായ്ച്ചിട്ടുപോയൊരു മാവും മരങ്ങളും
ഒഴുകിപ്പരക്കു നീ കവിതയെന്നോർമ്മയിൽ
കുളിരുള്ള കർക്കിടപ്പെരുമഴത്തുള്ളിപോൽ

സഭയെ ഭയന്നുവിറയ്ക്കുന്ന കുട്ടി ഞാൻ
പറയുവാനുള്ളതു പറയുവാനായെന്റെ
ഉള്ളം തുടിക്കെപ്പുറം മടിക്കുന്നു
ഒപ്പിയെടുക്കു നീ കവിതേ
എനിക്കെന്റെ നഷ്ടങ്ങളല്ലാത്ത നഷ്ടങ്ങളെ
ഒഴുകിപ്പരക്കുകിന്നവനിലും ഇവനിലും
അതിരിലും പതിരിലും
പിന്നെയീ എന്നിലും.







Anaadhan - Anil Panachooraan [അനാഥന്‍ - അനിൽ പനച്ചൂരാൻ]


അനാഥന്‍

ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു
ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍
കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു
ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ
തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു

തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍
ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...
ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ-
ളിടനെഞ്ചറിയാതെ തേങ്ങി...

നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ
പീടികത്തിണ്ണയില്‍ കണ്ടു
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു
ചോരപ്പുതപ്പിട്ട കുഞ്ഞും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അരികത്തടുത്തിതാ ചാവാലിനായ്ക്കളും
ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും
അമ്മയുടെ നോവാറായില്ല -
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി
അമ്മയുടെ നോവാറായില്ല -
ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി

ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ആലംബമില്ലാതെ കരയുന്ന കുഞ്ഞിന്
പാലില്ല പാല്‍‌നിലാവില്ല
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
തെറിവാക്ക് പറയുന്ന ഭ്രാന്തി

രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം

ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഉലകത്തിലെവിടെയും തകിടം‌മറിയുന്ന
ഭരണത്തിലല്ലയോ നോട്ടം
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന
രാവുകളെത്രയോ മാഞ്ഞു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു
മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍
തെളിവായി ഭ്രൂണം വളര്‍ന്നു

ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍
ഗര്‍ഭം പുതച്ചു നടന്നു
അവളറിയാതവള്‍ യജ്ഞത്തിലെ
പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി
ഈ തെരുവിലവളെ കല്ലെറിഞ്ഞു
ഈ തെരുവിലവളെ കല്ലെറിഞ്ഞു
കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം
ഈ തെരുവിന്നൊരനാഥനെ തന്നിട്ടു-
പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി..

ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഒരു ജഡവും തുടിയ്ക്കുന്ന ജീവനും
ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍
കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍
നിന്ദിച്ചുകൊണ്ടേ അകന്നു
ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ
എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം
ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ
ഈ കവിതയും ദുഃഖവും മാത്രം

Wednesday 13 June 2012

Shraavana Sangeetham- ONV Kurup [ശ്രാവണ സംഗീതം - ഓ എൻ വി കുറുപ്പ് ]


ശ്രാവണ സംഗീതം


ശ്രാവണ പുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊരീ ഈ വഴിത്താരയിലൂടെ
ഒക്കത്ത് പാട്ടിന്റെ തേന്‍ കുടമേന്തി നീ എത്തിയില്ലന്തി മയങ്ങി
പെണ്‍കൊടി നീ മണി തമ്പുരു വാക്കുമായ് മണ്‍കുടം ഇന്നാര്‍ക്കു വിറ്റു
നാവേറും കണ്ണേറുമേല്‍ക്കാതെ മലനാടിനെ പോറ്റുന്ന ഗാനം
നാഗഫണം വിടര്‍ത്തിയാടിയ പുള്ളുവ വീണയില്‍ എന്തേ മയങ്ങി

പാടുക വീണ്ടുമെന്നോതുന്നു വീര്‍പ്പിട്ടു പാതിരാ പൂവിന്റെ മൌനം
നീട്ടുന്നു രാവുകള്‍ വെണ്ണിലാവിന്നിളനീര്‍ക്കുടം മൊത്തി കുടിയ്ക്കൂ
പാടുക വീണ്ടുമെന്നോതുന്നു വീര്‍പ്പിട്ടു പാതിരാ പൂവിന്റെ മൌനം
നീട്ടുന്നു രാവുകള്‍ വെണ്ണിലാവിന്നിളനീര്‍ക്കുടം മൊത്തി കുടിയ്ക്കൂ
തൊട്ടുണര്‍ത്തീടുന്നു പിന്നെയിളം വെയില്‍ മുത്തുകളീ ക്കിളി കൂട്ടില്‍
തെച്ചി പഴങ്ങളിറുത്തു കൊണ്ടോടുന്ന തെക്കന്‍ മണിക്കാറ്റുവോതി
പാടുക വീണ്ടും സുവര്‍ണ്ണ ശലഭങ്ങള്‍ പാറി പറക്കുന്നു ചുറ്റും

കൊക്കുവിടര്‍ത്തുന്നീതെണ്ണിലേകേന്ത തത്തമാര്‍ നീടത്തുന്നുള്ളില്‍
ആ കൊച്ചു ശാരിക ഭൂമികന്യക്കെഴും ദുഃഖങ്ങള്‍ പാടിയ തയ്യല്‍
നാടു വെടിഞ്ഞു പോം നമ്മകള്‍ തന്‍ കഥ പാടിയ പൈങ്കിളി പൈതല്‍
കൊക്കില്‍ ചുരന്ന നറുതേന്‍ നുകര്‍ന്നെന്‍ കൊച്ചു ദുഃഖങ്ങളുറങ്ങൂ
നിങ്ങള്‍ തന്‍ കണ്ണീര്‍ കലരാതിരിയ്ക്കട്ടെ എന്നെങ്കിലുമെന്റെ പാട്ടില്‍
നിങ്ങള്‍ തന്‍ കണ്ണീര്‍ കലരാതിരിയ്ക്കട്ടെ എന്നെങ്കിലുമെന്റെ പാട്ടില്‍

ശ്രാവണ പുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊരീ ഈ വഴിത്താരയിലൂടെ
ഒക്കത്ത് പാട്ടിന്റെ തേന്‍ കുടമേന്തി നീ എത്തിയില്ലന്തി മയങ്ങി
പെന്‍കൊടി നീ മണി തമ്പുരു വാക്കുമായ് മണ്‍കുടം ഇന്നാര്‍ക്കു വിറ്റു
നാവേറും കണ്ണേറുമേല്‍ക്കാതെ മലനാടിനെ പോറ്റുന്ന ഗാനം
നാഗഫണം വിടര്‍ത്തിയാടിയ പുള്ളുവ വീണയില്‍ എന്തേ മയങ്ങി

Choroonu- ONV Kurup [ചോറൂണ് - ഓ എൻ വി കുറുപ്പ് ]


ചോറൂണ്


മോഹിച്ച കണ്ണിനു പൊല്‍കണി പൂക്കളും
ചുണ്ടിന്നു നല്‍തേന്‍ കനികളും
നേദിച്ച് കൈക്കൂപ്പി വൈശാഖ കന്യക
മേദിനിതന്‍ നടപ്പന്തലില്‍ നില്‍ക്കവെ
പാഴ്ചെടിയും കടിഞ്ഞൂല്‍ക്കനിയെ തോളിലേറ്റി
നിന്നാഹ്ലാദ നൃത്തം തിമിര്‍ക്കവേ
പാടങ്ങള്‍ ചൈത്രോപവാസ യഞ്ജം കഴിഞ്ഞ്
ആടല്‍ തീര്‍ത്തിത്തിരി ദാഹനീര്‍ മോന്തവേ
കോരിത്തരിച്ചതുപോല്‍ ഇടതൂര്‍ന്ന്
ഇളം ഞാറുകളെങ്ങും വിരിഞ്ഞു നിന്നാടവേ
ഒറ്റവരമ്പിലും നെല്ലിമലരുകള്‍
സര്‍ഗ്ഗ പുളകപ്പൊടിപ്പുകള്‍ കാട്ടവേ
അന്നൊരു പൂംപുലര്‍ വേളയില്‍
ഈ വയല്‍ ചന്തം നുകര്‍ന്ന്
നുകര്‍ന്നു നടന്നുപോയ് നാം ഇരുപേര്‍
നിന്‍ ചുമല്‍ ചേര്‍ന്നു കുഞ്ഞുമോന്‍
ഓമല്‍ തളിര്‍ വിരലുണ്ടുറക്കമായ്
തെച്ചിപ്പഴങ്ങള്‍ അടര്‍ത്തി
സൌഗന്ധിക പുഷ്പജേതാവായി
നിന്‍ മുന്നിലെത്തവേ
കുഞ്ഞുമോനിഷ്ടകുമെന്നോതി
നിന്റെ കൈക്കുമ്പിളില്‍
തന്നെയൊതുക്കി നിന്നോഹരി
യെത്ര വേഗം വീണ്ടുമോമനേ നിന്നിലെ
കൊച്ചു കുസൃതിക്കുടക്കയൊരമ്മായായ്
ഓമല്‍ കളിത്തോഴരൊത്തു നീ ഈ വഴി
ഓടിക്കളിച്ചതാണെത്രയോ വത്സരം
ചെത്തി പഴങ്ങള്‍, മയില്‍പ്പീലികള്‍,
വളപൊട്ടുകള്‍, ചോക്കിന്‍ കഷണങ്ങളാലുമേ
പിഞ്ചു ഹൃദയങ്ങള്‍ കെട്ടിപ്പടുത്തതാ
അഞ്ചിത സൌഹൃദ കേളീ ഗൃഹങ്ങളെ
കാതരമാകുമുള്‍ക്കണ്ണുകളാല്‍ സഖീ
തേടുകയോ വീണ്ടുമീ വഴിവക്കിനെ
യെന്നാലരക്കില്ലമെല്ലാം കരിഞ്ഞുപോയ്
ഇന്നതിന്‍ ധൂമസുഗന്ധമാണോര്‍മ്മകള്‍
പാടവും കൈതമലര്‍പ്പോള ചൂടിയ കാടും
മുളം കിളി പാടും തണല്‍കളും
പണ്ടൊരവില്‍ പൊതി നേടിയ ഭാഗ്യങ്ങള്‍
വഞ്ചിതുഴഞ്ഞുപോകുന്നവര്‍ പാടുന്ന കായലും
കൊറ്റികള്‍, കൊച്ചു കൊതുമ്പുവള്ളങ്ങളും,
നിശ്ചലം ജീവിതം കാട്ടുന്ന തീരവും
ചൂടി പിരിയ്ക്കുന്ന റാക്കിന്റെ
വാദ്യസംഗീതമലയടിയ്ക്കുന്ന തൊടികളും
കാനന മൈന വിരുന്നു വരാറുള്ള
കാവും, കളരിയും, ആമ്പല്‍ കുളങ്ങളും
എന്റെയുള്‍നാട്ടിനഴകുകളോര്‍ത്തു ഞാന്‍
എങ്കിലും നിന്നിലസൂയയാര്‍ന്നെന്‍ മനം
എല്ലാം വളരുന്നു പൂക്കുന്നു
കായ്ക്കുന്നതിലെല്ലാറ്റിനും
വളക്കൂറുറ്റതിന്‍ നിലം
എല്ലാം വളരുന്നു പൂക്കുന്നു
കായ്ക്കുന്നതിലെല്ലാറ്റിനും
വളക്കൂറുറ്റതിന്‍ നിലം
പൂഴിതന്‍ അക്ഷയപാത്രത്തില്‍
നിന്നൊരേ സൂര്യന്റെ
ചൂടും വെളിച്ചവും ഒന്നുപോല്‍
വര്‍ണ്ണങ്ങള്‍, ചൊല്ലുകള്‍ വെവ്വേറെയെങ്കിലും
ഒന്നിച്ചുകൂടി കഴിഞ്ഞതാണിന്നിലം
കൊച്ചുമകനെ മടിയിലിരുത്തി
മുത്തച്ഛനാ കുഞ്ഞിക്കരങ്ങള്‍ കൂട്ടിയ്ക്കവെ
പിന്നെയാ നേദിച്ചെടുത്ത വിശുദ്ധമാം
അന്നവും ഉപ്പും കലര്‍ത്തി നല്‍കീടവേ
മുത്തരിപ്പല്ലുമുളയ്ക്കാത്ത വായ് മലര്‍
പുത്തനായ് എന്തോ നുണഞ്ഞറിഞ്ഞീടവേ
പൂത്തിരി കത്തിയ്ക്കേ
ബന്ധു ജനാഹ്ലാദവായ്ത്താരികള്‍
എന്മനം തുടിക്കൊട്ടവേ
പൂത്തിരി കത്തിയ്ക്കേ
ബന്ധു ജനാഹ്ലാദവായ്ത്താരികള്‍
എന്മനം തുടിക്കൊട്ടവേ
മെല്ലെ കുനിഞ്ഞു നിന്നുണ്ണിതന്‍
ചുണ്ടുകള്‍ക്കുള്ളിലായ്
തെച്ചിപ്പഴമൊന്നു വെച്ചു നീ
ഭൂമിതന്‍ ഉപ്പുനുകര്‍ന്നു നീ പൈതലേ
ഭൂമിതന്‍ ഉപ്പായ് വളരുകന്നിങ്ങിനെ
പാടുകയായിതന്‍ മൌനം ഒരു ഈരടി
കൂടികുളിര്‍ക്കാറ്റു മൂളി പറന്നുപോയ്
പാടുകയായിതന്‍ മൌനം ഒരു ഈരടി
കൂടികുളിര്‍ക്കാറ്റു മൂളി പറന്നുപോയ്
ഉണ്ണീ മറയ്ക്കായ്ക പക്ഷീ
ഒരമ്മതന്‍ നെഞ്ചില്‍ നിന്നുണ്ട
മധുരമൊരിയ്ക്കലും
എന്റെയുള്‍ക്കണ്ണില്‍ പൊടിഞ്ഞൊരു-
അശ്രുക്കളും കണ്ടില്ല
എങ്കിലും പിന്നെയും കണ്ടു നാം
പുണ്യനിളാനദി പാലമൃതൂട്ടുന്ന
പൊന്നിളവെയിലായ് നാമാമണപ്പുറത്തും

Njanenna Gaanam- ONV Kurup [ഞാനെന്ന ഗാനം - ഓ എൻ വി കുറുപ്പ് ]


ഞാനെന്ന ഗാനം


ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളില്‍ക്കൂടി
ഒഴുകുന്നതോമനേ ഈ ഞാനല്ലോ
ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളില്‍ക്കൂടി
ഒഴുകുന്നതോമനേ ഈ ഞാനല്ലോ
ഇതിലുണ്ടോ സ്വര്‍ണ്ണ മത്സ്യങ്ങള്‍, മരാളങ്ങള്‍
ഇതിലുണ്ടോ സ്വര്‍ണ്ണ മത്സ്യങ്ങള്‍, മരാളങ്ങള്‍
ഇണചേര്‍ന്നു നീന്തുന്ന നീര്‍ക്കിളികള്‍
ഇതിലുണ്ടോ ശൈവലവലയങ്ങള്‍ വിട്ടുയുര്‍ന്നി-
തള്‍ വിടര്‍ത്തുന്ന നീലോല്പലങ്ങള്‍
ഇതിലുണ്ടോ ശീതോഷ്ണ ധാരകള്‍
ഇതിലുണ്ടോ ശീതോഷ്ണ ധാരകള്‍
ഹൃദയത്തിലിതിനും ഔവ്വാര്‍നല കണികയുണ്ടോ
ഇതിലുണ്ടോ ശീതോഷ്ണ ധാരകള്‍
ഹൃദയത്തിലിതിനും ഔവ്വാര്‍നല കണികയുണ്ടോ
അറിവീല്ലെനിയ്ക്കവ എന്നാലുമീ പുല്ലാങ്കുഴലിലൂടൊഴുകുന്നതീ ഞാനല്ലോ
ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളില്‍ക്കൂടി
ഒഴുകുന്നതോമനേ ഈ ഞാനല്ലോ