കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Wednesday 4 April 2012

Raakkilikkoru Marupaatt - Murukan Kattakkada [രാക്കിളിക്കൊരു മറുപാട്ട് - മുരുകൻ കാട്ടാക്കട]

രാക്കിളിക്കൊരു മറുപാട്ട്


പറയുവാനാകാത്തൊരായിരം കഥനങ്ങള്‍
ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍ 
പറയുവാനാകാത്തൊരായിരം കഥനങ്ങള്‍
ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍ 
ഇനിയെനിക്കിവിടിരുന്നൊറ്റെക്കു പാടുവാന്‍
കഴിയുമോ രാക്കിളി കൂട്ടുകാരീ..
ഇനിയെന്‍ കരള്‍കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ട
അടപൊട്ടി വിരിയുമോ പാട്ടുകാരീ?
ഇനിയെന്റെ ഓര്‍മ്മകളില്‍ നിറമുള്ള പാട്ടുകള്‍
മണിവീണ മൂളുമോ കൂട്ടുകാരി ?

നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ
ഇഷ്ടമോഹങ്ങള്‍ക്കു വര്‍ണ്ണരാഗം ചേര്‍ത്തു
പട്ടുനെയ്യുന്നു നീ പാട്ടുകാരീ
നഷ്ടമോഹങ്ങള്‍ക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ

നിറമുള്ള ജീവിത സ്പന്ദനങ്ങള്‍
തലചായ്ച്ചുറങ്ങാനൊരുക്കമായീ
ഹിമബിന്ദു ഇലയില്‍ നിന്നൂര്‍ന്നുവീഴും പോലെ
സുഭഗം ക്ഷണികം ഇതു ജീവിതം

പറയാന്‍ മറന്നൊരു വാക്കുപോല്‍ ജീവിതം 
പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു
പറയാന്‍ മറന്നൊരു വാക്കുപോല്‍ ജീവിതം 
പ്രിയമുള്ള നൊമ്പരം ചേര്‍ത്തു വച്ചു
ഒപ്പം നടക്കുവാന്‍ ആകാശവീഥിയില്‍
ദു:ഖചന്ദ്രക്കല ബാക്കിയായീ
ഇനിയെനിക്കിവിടിരുന്നൊറ്റക്കുറങ്ങുവാന്‍
മൗനരാഗം തരൂ കൂട്ടുകാരീ

വിടവുള്ള ജനലിലൂടാര്‍ദ്രമായ്‌ പുലരിയില്‍
ഒരു തുണ്ട്‌ വെട്ടം കടന്നുവന്നൂ
ഓര്‍മ്മപ്പെടുത്തലായപ്പൊഴും ദുഖങ്ങള്‍
ജാലകപ്പടിയില്‍ പതുങ്ങിനിന്നു
ഇനിയെനിക്കിവിടിരുന്നൊറ്റക്ക്‌ തിരകളെ
തഴുകുവാന്‍ കഴിയുമോ കൂട്ടുകാരീ?

കൂട്ടികുറച്ചു ഗുണിക്കുമ്പൊഴൊക്കെയും
തെറ്റുന്നു ജീവിത പുസ്തകത്താള്‍
കാണാക്കണക്കിന്‍ കളങ്ങളില്‍ കണ്ണുനീര്‍
പേനത്തലപ്പില്‍ നിന്നൂര്‍ന്നുവീണൂ

ദു:ഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കുവേണ്ടി
പ്രിയമുള്ള രാക്കിളീ
പ്രിയമുള്ള രാക്കിളീ
നീ നിന്റെ പാട്ടിലെ ചോദ്യം
വിഷാദം പൊതിഞ്ഞു തന്നു
ഒറ്റക്കിരിമ്പോളൊക്കെയും കണ്ണുനീരൊപ്പമാ
പാഥേയം ഉണ്ണുന്നു ഞാന്‍ ‍
ഇനിയെനിക്കിവിടിരുന്നൊറ്റക്കു കരയുവാന്‍
കണ്ണീരു കൂട്ടിനില്ല

No comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ