കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി
Showing posts with label ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ - Idassery Govindan Nair. Show all posts
Showing posts with label ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ - Idassery Govindan Nair. Show all posts

Friday, 8 June 2012

Kadathuthoni - Idassery Govindan Nair [കടത്തുതോണി - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍]


കടത്തുതോണി 



തിരിച്ചുകെട്ടുക വേലികയറുവോളം
കരിയൊഴുക്കിലിത്തോണി കടത്തുകാരാ!
വരാം, അല്‍പം വെളിച്ചമുണ്ടവശേഷിപ്പൂ
ഭുവനത്തിന്‍വക്കില്‍, അതും തുടച്ചുനക്കി;
ഒരു ജന്മമറിയാത്ത രസത്തോടിപ്പോള്‍
നുണഞ്ഞിരിയ്ക്കയാണന്ത്യനിമിഷാര്‍ദ്ധം ഞാന്‍.
ഒരുക്കത്തിന്‍ സുദീര്‍ഘമാം തുടരിന്‍ കണ്ണി
വിളക്കട്ടെ പൊടിയിട്ടു കുറച്ചുകൂടി.
സമയമായില്ല മേച്ചില്‍പ്പുറത്തുനിന്നും
തിരിച്ചിടുന്നതേയുള്ളൂ തെളിക്കമൂലം
തിരക്കിട്ടപോക്കില്‍ വേലിത്തളിരും മുള്ളും
വലിച്ചൊന്നായ്‌ ചവയ്ക്കുന്ന ചടച്ചപൈക്കള്‍.
സമയമായില്ലാ നോക്കൂ മണിമുഴങ്ങാ-
വടക്കന്‍വണ്ടിയും കാത്തിട്ടിരിപ്പാണാള്‍ക്കാര്‍.
ചുകന്നകല്ലണിക്കമ്മല്‍ക്കവിളായ്‌ നില്‍ക്കും
കൊടിമരങ്ങളെപ്പറ്റിപ്ഫലിതംചൊല്ലി
സമയമായില്ല നോക്കൂ ചന്തയില്‍പ്പച്ച-
ക്കറിക്കാരന്‍ നിരത്തിയ വിഭവജാലം
എടുത്തുകെട്ടവേ തിക്കിയവസാനിക്കാ-
വിലപേശല്‍ നടത്തുന്ന ഗൃഹേശിമാരെ.

കരിഞ്ചിറകിന്മേല്‍ക്കാലന്‍ കോഴികള്‍കൂകി-
പ്പറന്നെത്തും കടവത്തെ മരത്തില്‍ക്കെട്ടി
ഒരുത്താനശായിക്കെഴും നിശ്വാസംപോലെ
വലിയുന്ന തോണിക്കയര്‍ ഞരങ്ങുന്നില്ല.
വിചിത്രം വ്യക്തിബന്ധത്തിന്‍ തുടുത്തചായം
കഴുകിപ്പോയ്‌ കലുഷമായ്‌ സമൂഹചിത്രം
മനസ്സതു നിരീക്ഷിപ്പൂ വികാരശൂന്യം
മഴപെയ്തൊലിച്ചുനില്‍ക്കും മതിലുപോലെ.
കനലായിരുന്നതൊക്കെക്കരിഞ്ഞുപോയി
പരിചിതമുഖങ്ങള്‍ ഹാ, ഭസിതലിപ്തം
തുടുവെയിലുദിക്കുമ്പോള്‍ കുഴഞ്ഞുതൂങ്ങും
പനിനീര്‍പ്പൂവുകളത്രേ പുതുമുഖങ്ങള്‍.
തനിയ്ക്കിനി രസം തന്നിലൊതുങ്ങലെങ്കില്‍
തനിമതന്‍ പേരാണല്ലോ കറുത്തതോണി.
കടവുമരത്തിന്‍കെട്ടുകയറിലായാള്‍
പിറുപിറുക്കുന്നു, നില്‍ക്കൂ, വരികയായ്‌ ഞാന്‍.
വെറുതെയായിട്ടില്ലെന്റെ ചലനമൊന്നും
വെറുങ്ങലിപ്പെന്തെന്നുഞ്ഞാനറിഞ്ഞിട്ടില്ല.
കുനിഞ്ഞെങ്കിലൊരു പുലാവില പെറുക്കാന്‍
കുടിച്ചിട്ടുണ്ടൊരുകിണ്ണം കൊഴുത്ത കഞ്ഞി.
മുതുകില്‍നിന്നഴിച്ചിടൂ കനത്തഭാണ്ഡം
മുറിവിലാറാതെനില്‍പ്പൂ മുടിഞ്ഞനീറ്റം
മുഴുവനും നീറ്റുന്നവന്‍ കടവില്‍ നില്‍പൂ
കുളംകുഴിക്കുമ്പോഴെന്തു കുറിയകുറ്റി!
എനിയ്ക്കിനിയൊന്നുമില്ല പിരിഞ്ഞുകിട്ടാന്‍
കൊടുക്കാനോ കൊടുത്താലും മുടിയാമൂല്യം
ഒരുതിരി കൊളുത്തിക്കൈമലര്‍ത്തി വാതില്‍
മലര്‍ക്കവേ തുറന്നിട്ടു വരികേ വേണ്ടൂ!.

Karutha Chettichchikal - Idassery Govindan Nair [കറുത്ത ചെട്ടിച്ചികള്‍ - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍]


കറുത്ത ചെട്ടിച്ചികള്‍

പേരാറ്റുനീരായ ചെമ്പിച്ച പൈക്കളെ
ദ്ധാരാളമാട്ടിത്തെളിച്ചുകൊണ്ടങ്ങനെ
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്തചെട്ടിച്ചികള്‍.

മാരിവില്ലെന്നേ നിനച്ചുപോയ്‌ നാം മനോ
ഹാരിഭൂഭംഗിയാല്‍ സ്തബ്ധരായോഷമാര്‍
ചായം പിഴിഞ്ഞോരു ചേല ചുറ്റിപ്പുത
ച്ചായതമാകുമസ്സാനുവില്‍ നില്‍ക്കവേ.

ചുണ്ടും പിളുത്തിച്ചുരുളന്‍മുടിയുമായ്‌
മുണ്ടകപ്പാടങ്ങള്‍ കാത്തുകിടക്കയാം.
പെറ്റെണീക്കുംമുമ്പു കണ്ണടച്ചാളഹോ
പറ്റേ വിളര്‍ത്തൊരക്കാലവര്‍ഷാംഗന,

പോന്നുവന്നാരേ ചുരന്ന മുലയുമായ്‌
പ്പൂര്‍വാംബുരാശിയെപ്പെറ്റൊരിമ്മങ്കമാര്‍!
ഭാഗ്യം കെടില്ലൊരു നാട്ടിനു, മുണ്ടയല്‍
പക്കങ്ങളെങ്കില്‍സ്സഹകരിച്ചീടുവാന്‍.

ഇന്നെന്തഴകീക്കറുമ്പിക്കിടാത്തികള്‍
ക്കെന്റെ നാട്ടാരുടെ കണ്ണിലെന്നോ, രസം!
ഇന്നിവര്‍ പേശും തമിഴ്‌ തമിഴല്ലതാ
നിന്നിവര്‍ പാടുന്ന പാട്ടേ മനോഹരം.

കെട്ടിപ്പുണരുവാന്‍ കൈനീട്ടി നില്‍ക്കയാം
കേരമനോഹരകേരളത്തോപ്പുകള്‍!
ഞാനോര്‍ത്തുപോകയാ,ണിമ്മലനാടതി
ദൂനസ്ഥിതിയിലകപ്പെട്ട നാള്‍കളില്‍
ഇങ്ങോടിയെത്തിത്തുണയ്ക്കുവാന്‍ നിന്നവര്‍
മുങ്ങിക്കുളിക്കാത്ത കോംഗ്ങ്ങരാണെപ്പൊഴും.
വാളയാറപ്പുറമെത്തുന്നതിന്‍ മുമ്പു
കൂലി കൊടുത്തു നാം'സംസ്കാരമറ്റവര്‍!'
നൂനം മഹോന്നതം തന്നേ മലനാടു
മാനിച്ചുയര്‍ത്തിപ്പിടിക്കുന്ന മേന്മകള്‍.
ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍!

മാളികവീട്ടിലെയാളുകള്‍ക്കിന്നലെ
ത്താളമുരജമടിച്ചുകേള്‍പ്പിക്കുവാന്‍,
ചെറ്റക്കുടിലിലെദ്ദമ്പതിമാര്‍കളെ
മുറ്റും മുഴുകെത്തഴുകിച്ചുറക്കുവാന്‍,
തെങ്ങിന്റെ പച്ചക്കുരല്‍കളില്‍പ്പുത്തനാം
തിങ്കള്‍ക്കലകളുദിപ്പിയ്ക്കുവാനുമേ.
എത്തീ കിഴക്കന്‍മല കടന്നിന്നലെ
യിത്തീരഭൂവില്‍ക്കറുത്ത ചെട്ടിച്ചികള്‍.

നന്ദി പറയുന്നു നിങ്ങള്‍ക്കു നീലച്ച
സുന്ദരിമാരേ, വിധേയമിക്കേരളം.
എത്തുമല്ലോ നിങ്ങള്‍ വീണ്ടുമിത്തീരത്തി
ലേറെദ്ദിനങ്ങള്‍ കഴിവതിന്‍മുമ്പുതാന്‍:
നിങ്ങള്‍തന്‍ പാലുണ്ട പുന്നെല്ലു കൊയ്തെടു
ത്തെങ്ങള്‍ പത്തായം നിറച്ചു വാഴുന്ന നാള്‍,
മഞ്ഞില്‍ വിടര്‍ന്ന നിലാവു ചൂടിക്കൊണ്ടു
മഞ്ജുനിശകളിങ്ങൂയലാടുന്ന നാള്‍,
മാണ്‍പെഴുമാണ്‍കുയില്‍ കുകിത്തളരവേ
മാമ്പൂ വിടര്‍ന്ന മണം ചൊരിയുന്ന നാള്‍,
കുപ്പിവളകളും ചാന്തുസിന്ദൂരവും
ചീര്‍പ്പുകണ്ണാടിയും മട്ടിപ്പശയുമായ്‌
മങ്കമാരേ, നിങ്ങള്‍ വീടുകള്‍തോറുമേ
മംഗല്യവാണിഭം കൊണ്ടുനടക്കവേ,
എന്തൊരു പാപപരിഹരണാര്‍ത്ഥമോ
ചിന്തു പാടിപ്പാടിയൂരുചുറ്റീടവേ
കാണാ,മറിയുമേ കണ്ടാല്‍; മറക്കാത്ത
താണക്കറുത്ത മുഖങ്ങളൊരിക്കലും

Ambadiyilekku Veendum - Idassery Govindan Nair [അമ്പാടിയിലേക്കു വീണ്ടും - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍]


അമ്പാടിയിലേക്കു വീണ്ടും


ദാരുകന്‍:

പായുക പായുക കുതിരകളേ,
പരമാത്മാവിന്‍ തേരിതിനെ
സുദീര്‍ഘ വീഥിയില്‍ നയിയ്ക്ക നീളെ
സുഖിത സ്വപ്നം പോലെ.

"ദാരുക, ദാമോദരനൊപ്പം
വ്രജത്തിലോളം നീ പോണം
ആജ്ഞയല്ലൊരനുഗ്രഹമത്രേ
നമുക്കു തന്നൂ ബലരാമന്‍
മടുപ്പനത്രേ കൊട്ടാരം
അയത്ന സുലഭസുഖാഗാരം:
ഇടയ്ക്കു കണ്ണീരുപ്പുപുരട്ടാ
തെന്തിനു ജീവിതപലഹാരം!
വിരോധിമാരേ, നിങ്ങള്‍ക്കാ
യാശംസിപ്പൂ ഞാനിവയെ:
വിശപ്പൊരിക്കലുമേല്‍പിയ്ക്കാത്തൊരു
വിശേഷ ഭക്ഷണ വിഭവങ്ങള്‍;
വിയോഗമെന്തെന്നറിയാനരുതാ
ത്തവിഘ്നസിദ്ധപ്രണയങ്ങള്‍;
ഒരിറ്റു നിണവും വീഴാതഴകോ
ടൊഴിഞ്ഞു കിട്ടും വിജയങ്ങള്‍!
എനിയ്ക്കു രസമീ നിമ്നോന്നതമാം
വഴിയ്ക്കു തേരുരുള്‍ പായിക്കല്‍;
ഇതേതിരുള്‍ക്കുഴിമേലുരുളട്ടേ,
വിടില്ല ഞാനീ രശ്മികളെ.
എനിയ്ക്കു രസമത്യാസന്നോദയ
വികാര വിപ്ലവ ദൃശ്യങ്ങള്‍,
അഗാധഹൃദയ ഹ്രദമഥനോണ്മിത
സൗന്ദര്യ പ്രതിഭാസങ്ങള്‍.
നോറ്റിരിയ്ക്കും മങ്കകള്‍, തന്‍തന്‍
നൊമ്പരത്തെ കാണുകയായ്‌,
സ്വന്തം ജീവിതമൂല്യമടര്‍ത്തി
പ്പന്താടുകയായ്‌ ഗോകുലം!
ചാടുകളോടി വരുന്നകലെ
മാടിന്‍ നിരയുടെ പിന്നാലെ
രാജധാനിയ്ക്കിവയെത്തിപ്പൂ
ഗോരസങ്ങളെ വഴിപോലെ.
മുഷിഞ്ഞ കുത്തിയുടുപ്പു, തലേക്കെ,
ട്ടഴഞ്ഞൊരലസക്കുപ്പായം,
ഗോപ, കൊള്ളാം നിന്‍ കൈമുതലിന്‍
ഗോപനത്തിന്നീവേഷം.
സൂക്ഷ്മം ദാരുകനറിയാമേ
സൂക്ഷിപ്പിന്‍ കഥ നിങ്ങളുടെ;
അവന്റെ തേരിലിരിപ്പുണ്ടല്ലോ
ആനായര്‍കുലനിക്ഷേപം
ആര്‍തന്‍ ഭ്രുകുടി വിക്ഷേപം
പ്രപഞ്ചകഥതന്‍ സംക്ഷേപം
അസ്സമ്പത്തിന്നുടമകളത്രേ
ഗോപക്കുടിലുകള്‍ ബഹുചിത്രം!
ബാലകന്മാര്‍ കളിയാടീ,
കാലികള്‍ മേഞ്ഞു പുളച്ചോടീ
കാണും ശാദ്വലമേ, നീ നേടിയ
താരില്‍ നിന്നീ നീലിമയെ?
കറുകപ്പുല്‍ക്കൂമ്പുകളാലേ
കുളിര്‍ കോരുന്നൊരു മെയ്യോടേ
നിലനിര്‍ത്തുന്നൂ നിയ്യിപ്പോഴും
ചിലതിന്‍ വിമല സ്മരണകളെ.
കറുകപ്പുല്‍ക്കൂമ്പുകളാലേ
വൃന്ദാവനമടുലരുകളേ,
യുഷ്മല്‍ സൗരഭമുദ്വേലം
വരുന്നു തീരാദാഹത്തോടൊരു
കരിവണെ്ടന്നുടെ രഥമേറി.
പായുക, പായുക, കുതിരകളേ,
പരമാത്മാവിന്‍ തേരിതിനെ
പുരുസുഖവീഥിയില്‍ നയിയ്ക്ക നീളെ
പുഷ്യല്‍ സ്വപ്നം പോലെ.

ഗോപികമാര്‍:

രാജരഥത്തെപ്പായിച്ചെത്തും
സൂത, നിര്‍ത്തിയതെന്തേ നീ?
കാളിന്ദിയില്‍ നീരാടാന്‍ പോകും
ഞങ്ങള്‍, ഗോപപ്പെണ്ണുങ്ങള്‍.
അമ്മയെക്കാണാനാം പോവതു
ചിരപ്രതീക്ഷിതനിദ്ദേവന്‍;
താമസിപ്പിയ്ക്കരുതേ വെറുതേ,
ഞങ്ങളെയറിയില്ലിദ്ദേഹം.
മുക്തമാക്കീയൊട്ടിട ഞങ്ങടെ
ഭര്‍ത്തൃപുത്രപിതൃ ബന്ധം;
മാനുഷികത്വത്തിങ്കല്‍ നിന്നു
മുയര്‍ത്തുകയുണ്ടായൊരു ദേവന്‍.
അമ്മമാരി,ല്ലരിയ സഹോദരി
മാര,ല്ലച്ചികളല്ലാര്‍ക്കും,
അന്നു കാനന കേളീലോലകള്‍
ഞങ്ങളെയറിയില്ലിദ്ദേഹം.
രാവിന്‍ ഛായകള്‍, കാളിന്ദീ ജല
കാളിമ, കാട്ടിന്‍ പച്ചപ്പും
ഞങ്ങള്‍ക്കഭിമതചേല, സചേലകള്‍
ഞങ്ങളെയറിയില്ലിദ്ദേഹം
രാജരഥത്തെപ്പായിച്ചെത്തും
സൂത, നീയേ ശിക്ഷാര്‍ഹന്‍;
അന്ത:പുരമേ ദേവനു ലക്ഷ്യം,
അമ്പാടിയിലെന്തെത്തിച്ചൂ?
ദേവനെയും വിട്ടോടുകയാണോ
തേരേ, നീ നിലനിന്നാലും
ഗോപികാഹൃദയാന്തര്‍വേദിയി
ലക്രൂരന്റെ രഥം പോലെ!
മഹര്‍ഷിമാരേ,തെല്ലിട നിര്‍ത്തുക
ധര്‍മ്മശാസ്ത്രക്കുറിമാനം
പ്രപഞ്ച ധര്‍മ്മം മറ്റൊന്നാക്കുവി
നീശ്വരന്മാരേ!
ഇവിടെഗ്ഗോപികളശ്രുതപൂര്‍വ്വക
മാമൊരു നാടകമാടട്ടേ,
ഇവിടെ സ്വന്തം സങ്കല്‍പങ്ങളില്‍
ഞങ്ങടെ ലോകം പണിയട്ടേ.
കൃഷ്ണാ, മുന്നേപ്പോലേ നീയി
ക്കാളിന്ദീതടവിടപത്തില്‍
പ്രഭാതകിരണപ്പൂക്കള്‍ വിരിച്ചൊരു
കൊമ്പിലിരുന്നിക്കുളിര്‍കാറ്റില്‍
ഭ്രുകുടിതാളലയാന്വിതമാമൊരു
ഗാനം പാടുക വേണുവില്‍.
ചേലകളല്ലാ വാരിയെടുക്കുക
ഞങ്ങടെ ചേതന പാടേ,
നിന്നുടെ ചുറ്റും തൂക്കിക്കൊള്ളുക
സുമന്ദഹാസത്തോടെ:
വ്രീളാവിവശതയാലേ മിഴിയും
പൂട്ടി ഞങ്ങള്‍ കിടക്കുമ്പോള്‍
ഞങ്ങളെ മൂടുക, കാരുണ്യാത്മന്‍,
നിന്നോടക്കുഴല്‍ വിളിയാലേ!

Friday, 6 April 2012

Poothappaattu - Idassery Govindan Nair [പൂതപ്പാട്ട്‌ - ഇടശ്ശേരി ഗോവിന്ദന്‍ നായര്‍]


പൂതപ്പാട്ട്‌ 

വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട്‌ ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു:

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്‍പ്പിച്ചളത്തോട, കഴുത്തില്‍
'ക്കലപലെ' പാടും പണ്ടങ്ങള്‍
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്‍
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം
ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.

എവിടെനിന്നാണിപ്പൂതം വരുന്നത്‌, നിങ്ങള്‍ക്കറിയാമോ?

പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയില്‍
കിളിവാതിലില്‍ക്കുടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്‍മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിക്കും.
മണമേറുമന്തിയില്‍ബ്ബന്ധുഗൃഹം പൂകാ
നുഴറിക്കുതിയ്ക്കുമാള്‍ക്കാരെ
അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം
അവരോടും താംബൂലം വാങ്ങും.

പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള്‍ ഒന്നു മുറുക്കാനെടുത്ത്‌ ആ വഴിവക്കത്തു വെച്ചുകൊടുത്താല്‍ മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര്‍ പോയാല്‍ പൂതം വന്നിട്ട്‌ ആ മുറുക്കാന്‍ എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്‌.

നിശ്ശൂന്യതനടമാടും പാതിരതന്‍ മച്ചുകളില്‍
നിരനിരയായ്ക്കത്തിക്കും മായാദീപം.
തലമുടിയും വേറിടുത്തലസമിവള്‍ പൂപ്പുഞ്ചിരി
വിലസിടവേ വഴിവക്കില്‍ച്ചെന്നു നില്‍ക്കും.
നേരവും നിലയും വിട്ടാവഴിപോം ചെറുവാല്യ
ക്കാരെയിവളാകര്‍ഷിച്ചതിചതുരം
ഏഴുനിലമാളികയായ്ത്തോന്നും കരിമ്പന
മേലവരെക്കേറ്റിക്കുരലില്‍വെയ്ക്കും.
തഴുകിയുറങ്ങീടുമത്തരുണരുടെയുപ്പേറും
കരുതിയിവള്‍ നൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പ്പാറകളില്‍ച്ചിന്നും മുടിയുമെല്ലും.

ഈ അസത്തു പൂതത്തിന്‌ എന്തിനാ നമ്മള്‌ നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത്‌ എന്നല്ലേ? ആവൂ, കൊടുക്കാഞ്ഞാല്‍ പാപമാണ്‌. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്‌. ഇപ്പോള്‍, അത്‌ ആരെയും കൊല്ലില്ല. പൂതത്തിന്ന്‌ എപ്പോഴും വ്യസനമാണ്‌. എന്താ പൂതത്തിനു വ്യസനമെന്നോ? കേട്ടോളൂ:

ആറ്റിന്‍വക്കത്തെ മാളികവീട്ടില
ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.
ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊണ്ടു
ണ്ണിക്കു കാതില്‍ക്കുടക്കടുക്കന്‍.
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു
പാവ കൊടുക്കുന്നു നങ്ങേലി.
കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു
മാനത്തമ്പിളി മാമനെക്കാട്ടീട്ടു
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു
മാമു കൊടുക്കുന്നു നങ്ങേലി.
താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്‍പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി.
ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു.
കണ്ണും കാതുമുറച്ചുകഴിഞ്ഞു.
പള്ളിക്കൂടത്തില്‍പ്പോയിപ്പഠിക്കാ
നുള്ളില്‍ക്കൗതുകമേറിക്കഴിഞ്ഞു.
വെള്ളപ്പൊല്‍ത്തിരയിത്തിരിക്കുമ്പമേല്‍
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള്‍ കൂട്ടിക്കുടുമയും കെട്ടിച്ചു
വെള്ളിപ്പൂങ്കവിള്‍ മെല്ലെത്തുടച്ചിട്ടു
കയ്യില്‍പ്പൊന്‍പിടിക്കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയൊരോലയു
മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
തങ്കക്കുടത്തിനെ വയലിന്റെ മൂലയി
ലെടവഴി കേറുമ്പോള്‍ പടര്‍പന്തല്‍പോലുള്ളൊ
രരയാലിന്‍ചോടെത്തി മറയുംവരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി.
കുന്നിന്‍മോളിലേക്കുണ്ണികയറി
കന്നും പൈക്കളും മേയുന്ന കണ്ടു.
ചെത്തിപ്പൂവുകള്‍ പച്ചപ്പടര്‍പ്പില്‍നി
ന്നെത്തിനോക്കിച്ചിരിക്കുന്ന കണ്ടു.
മൊട്ടപ്പാറയില്‍ക്കേറിയൊരാട്ടിന്‍
പറ്റം തുള്ളിക്കളിക്കുന്ന കണ്ടു.
ഉങ്ങും പുന്നയും പൂത്തതില്‍ വണ്ടുക
ളെങ്ങും പാറിക്കളിക്കുന്ന കണ്ടു.
അവിടന്നും മെല്ലെ നടന്നാനുണ്ണി
പറയന്റെ മണ്ടകം കണ്ടാനുണ്ണി.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലേ
ക്കുരസിയിറങ്ങി നടന്നാനുണ്ണി.
പാറക്കെട്ടിന്റെ കൊച്ചുപിളര്‍പ്പിലെ
ക്കിളിവാതിലപ്പോള്‍ത്തുറന്നു പൂതം
ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
യാടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നു വരുന്നോനെക്കണ്ടു പൂതം.
പൂതത്തിനുള്ളിലൊരിക്കിളി തോന്നീ
പൂതത്തിന്മാറത്തു കോരിത്തരിച്ചൂ.
പൂതമൊരോമനപ്പെമ്മകിടാവായി
പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു.

എന്നിട്ട്‌ പൂതം ഉണ്ണിയോട്‌ കൊഞ്ചിക്കൊഞ്ചിക്കൊണ്ടു പറയുകയാണ്‌:

'പൊന്നുണ്ണീ, പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ,
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.

'കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്‍
പൂത്തമരച്ചോട്ടിലിരു
ന്നൊളിനെയ്യും പെണ്‍കൊടിയേ!'

'പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ.
വണ്ടോടിന്‍ വടിവിലെഴും
നീലക്കല്ലോലകളില്‍
മാന്തളിരില്‍ത്തൂവെള്ളി
ച്ചെറുമുല്ലപ്പൂമുനയാല്‍
പൂന്തണലില്‍ച്ചെറുകാറ്റ
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.
"പൂത്ത മരച്ചോട്ടിലിരു
ന്നൊളിനെയ്യും പെമ്മകൊടിയേ,
ഓലയെഴുത്താണികളെ
ക്കാട്ടിലിതാ ഞാന്‍ കളവൂ!'

പിന്നെ പള്ളിക്കൂടത്തില്‍ പോയില്യ. സുഖായി എന്നല്ലേ വിചാരം? കേട്ടോളു. എഴുത്താണി ഇരിമ്പല്ലേ? അതങ്ങട്‌ പിടിവിട്ടപ്പോള്‍ പൂതം വന്നു പിടിച്ചു മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ടു പോയി!

വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങീ
വിയദങ്കണത്തിലെക്കാര്‍കള്‍ ചെങ്ങി
എഴുതുവാന്‍ പോയ കിടാവു വന്നീ
ലെവിടെപ്പോയ്‌; നങ്ങേലി നിന്നു തേങ്ങി.
ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരില്‍
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലില്‍
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു.
കാട്ടിലും മേട്ടിലും പുക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ.
പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്‍പഴംപോലുള്ളുണ്ണിയുമായ്‌
പൂമാല കോര്‍ത്തു രസിയ്ക്കെക്കേട്ടൂ
പൂരിതദുഃഖമിത്തേങ്ങലുകള്‍.

എന്നിട്ടോ, അതിനുണേ്ടാ വല്ല കൂട്ടവും! പക്ഷേ, സ്വൈരക്കേടു തീരണ്ടേ?

പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്‍ചുഴലിയായ്ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.

പറ്റിയില്ലല്ലോ! പൂതം മറ്റൊരടവെടുത്തു:

പൂതമക്കുന്നിന്റെ മേല്‍മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്‍ചിന്നുമ്മാറതില്‍പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
'പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
'അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
'ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.'

പൂതത്തിന്റെ തഞ്ചം കേള്‍ക്കണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?


തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്‍മ്മിച്ചു പൂതം
മാണ്‍പൊടെടുക്കെന്നോതീ പൂതം.
അമ്മയെടുത്തിട്ടുമ്മകൊടുത്തി
ട്ടഞ്ചിതമോദം മൂര്‍ദ്ധാവിങ്കല്‍
തടകിത്തടകിപ്പുല്‍കിയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്‍.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്‍ത്താള്‍.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള്‍ കൈകളുയര്‍ത്താള്‍.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്‍.
'അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
ഞാനിനിമേലില്‍ മറച്ചുപിടിക്കി
ല്ലെന്നുടെനേരെ കോപമിതേറെ
യരുതരുതെന്നെ നീറ്റീടൊല്ലേ.
നിന്നുടെ കണ്ണുകള്‍ മുന്‍പടി കാണും
നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.
'തൊഴുതുവിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങീ പൂതം.
അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ
രുണ്മയില്‍നിന്നൂ തിങ്കളൊളിപ്പൂ
പ്പുഞ്ചിരിപെയ്തുകുളിര്‍പ്പിച്ചും കൊണ്ട
ഞ്ചിതശോഭം പൊന്നുണ്ണി.

അങ്ങനെ അമ്മയ്ക്ക്‌ ഉണ്ണിയെ കിട്ടി. പൂതമോ, പാവം!

യാത്രതിരിച്ചിടുമുണ്ണിയെ വാരിയെ
ടുത്തു പുണര്‍ന്നാ മൂര്‍ദ്ധാവിങ്കല്‍
പലവുരു ചുംബിച്ചത്തുറുകണ്ണാല്‍
പ്പാവം കണ്ണീര്‍ച്ചോല ചൊരിഞ്ഞും
വീര്‍പ്പാല്‍ വായടയാതേകണ്ടും
നില്‍പൊരു പൂതത്തോടു പറഞ്ഞാ
ളപ്പോളാര്‍ദ്രഹൃദന്തരയായി
ട്ടഞ്ചിതഹസിതം പെറ്റോരമ്മ:
'മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
കളമക്കതിര്‍മണി കളമതിലൂക്കന്‍
പൊന്നിന്‍കുന്നുകള്‍ തീര്‍ക്കുംകാലം
വന്നുമടങ്ങണമാണ്ടുകള്‍തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്‍ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്‍
ഞങ്ങള്‍ക്കഞ്ചിതസൗഖ്യമുദിക്കാന്‍.'
പൂത'മതങ്ങനെതന്നേ'യെന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകള്‍
മകരകൊയ്ത്തു കഴിഞ്ഞാലിപ്പോള്‍
പോന്നുവരുന്നൂ വീടുകള്‍തോറും.
ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞുപിടിക്കണമതു ചോദിക്കാന്‍
വിട്ടും പോയി പറഞ്ഞതുമില്ലതു
നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്‍ത്തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ
തിട്ടമതാര്‍ക്കറിയാ;മതുമൂലം
തിങ്ങിത്തിങ്ങിവരുന്നൊരു കൗതുക
മങ്ങനെകൂടീട്ടിവിടിവിടെത്തന
തുണ്ണിയിരിപ്പെന്നോരോ വീട്ടിലു
മങ്ങു കളിച്ചുകരേറിത്തുള്ളി
ത്തുള്ളിമറിഞ്ഞൊടുവങ്ങേലെന്നുട
നവിടേക്കോടിപ്പോണൂ പൂതം.
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ
ടിപ്പിപ്പൂ പാവത്തെപ്പല
പാടുമതിന്റെ മിടിക്കും കരളിന്‍
താളക്കുത്തിനു തുടികൊട്ടുന്നൂ
തേങ്ങലിനൊത്തക്കുഴല്‍വിളി കേള്‍പ്പൂ.

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.