കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Saturday 16 June 2012

Ormamazhakkaaru - Murukan Kattakkada [ഓർമ്മമഴക്കാറ്‌ - മുരുകൻ കാട്ടാക്കട]



ഓർമ്മമഴക്കാറ്‌

കവിതേ പ്രിയപെട്ട ശൈലപുത്രീ
നിള പോലെ പ്രിയമെന്റെ നെയ്യാറുപോലെ നീ
ഒഴുകിപരക്കുകിന്നവനിലും ഇവനിലും
അതിരിലും പതിരിലും പിന്നെയീയെന്നിലും
കവിതേ കാമ്യതേ കണ്ണാടിപോലെന്നെ
ഒപ്പിയെടുക്കു നീ പിന്നെയും പിന്നെയും
കെട്ടിനിറുത്തുവാനാകാതൊടുവിലായ്
കുത്തിയൊലിക്കുവാൻ വെമ്പുമെൻ വ്യഥകളെ
ബാല്യത്തിൽ നിരാലംബനായൊറ്റയ്ക്ക്
പാതയിലൂടെ ഞാൻ പാഞ്ഞതും
മുറ്റത്തു പൂത്തുനിന്നോരൊറ്റവൃക്ഷം മറിഞ്ഞതും
വെട്ടിയ കൊമ്പിനും വിറകിനുമൊപ്പമെൻ
അച്ഛനെരിഞ്ഞെരിഞ്ഞില്ലാതെയായതും
ഒപ്പിയെടുക്കു നീ പിന്നെയും പിന്നെയും

ഒപ്പിയെടുക്കു നീ വട്ടിയുംതലയിൽ വ-
ച്ചുച്ചയിറങ്ങിവരുന്നൊരമ്മയെ
പക്കാവടയോ പരിപ്പുവടയോയെന്ന്
പൊട്ടാസുകണ്ണുകൾ പൊട്ടുന്ന വീഥിയെ-
അഞ്ചാം ക്ളാസ്സിലെ ഒന്നാം ബഞ്ചിന്റെ
അറ്റത്തിരിക്കും പൊതിച്ചോറിനെ,
ആ പൊതിച്ചോറിനെ ആർത്തിയാൽ-
നോക്കുന്നൊരോട്ടയുടുപ്പുള്ള കാക്കക്കറുമ്പനെ
കൂട്ടുകാർ വട്ടത്തിലുണ്ണാനിരിക്കുമ്പോൾ
ഓട്ട പൈപ്പിലെ ചീറ്റുന്ന വെള്ളത്തെ
ഉള്ളിലെ നീറ്റലിലേക്കു ചാല്കീറുന്നൊ-
രോട്ടയുടുപ്പുള്ള കാക്കക്കറുമ്പനെ
ഓർമയിൽ വീശും വിശപ്പിന്റെ കാറ്റേറ്റു
വാടി വീഴുന്നു നിറംകെട്ട ചെമ്പകം
കവിതേ പ്രിയപ്പെട്ട ശൈലപുത്രീ
ഒഴുകിപ്പരക്കു നീ പിന്നെയും പിന്നെയും
ഒപ്പിയെടുക്കു നീ കത്തിപ്പിടി സ്ലേറ്റ്, വള്ളിനിക്കർ
പിന്നെ പൊണ്ണത്തടി തയ്യൽ ടീച്ചറെ പാടത്തെ
ചാലു ചാടിക്കുവാൻ നീട്ടും കരങ്ങളെ
അപ്പുറം മാവിന്റെ ഞെട്ടറ്റ മാങ്ങയെ
ഉപ്പുതൊട്ടുണ്ണുന്ന കയ്പുചാൽ ചുണ്ടിനെ
പൊത്ത പോക്കറ്റിലൂടൂർന്നു വീഴുന്നോരു
ഞാറപ്പഴത്തിന്റെ കട്ടിച്ചുവപ്പുപോൽ
മാഞ്ഞുപോകാതെ പിടയ്ക്കുന്നു ബാല്യത്തി-
ലേതോ തോട്ടിലെ കൊച്ചുമീൻകുട്ടികൾ
ഒപ്പിയെടുക്കു നീ എപ്പൊഴോ രാത്രിയിൽ
പൊട്ടിയൊലിച്ചങ്ങു പെട്ടെന്നു വന്നൊരെൻ
ഇഷ്ടമോഹത്തിന്റെ കാമകൗമാരത്തെ

വേണ്ടാത്തതോരോന്നും ചൊല്ലി വികാരങ്ങൾ
വേറെയുമുണ്ടെന്ന പാഠം പഠിപ്പിച്ച
താഴത്തു വീട്ടിലെ ചങ്ങാതി സോമനെ
ഇരുളുള്ളതാം ഇടുക്കടവിൽ കുളിക്കുമ്പോ-
ളരുതാത്ത കുസൃതിയിൽ മുട്ടുന്ന മീനിനെ
കളിവാക്കു കൊണ്ടെന്റെ കാമ്യകാമനകളെ
മുളനുള്ളി നോവിച്ചൊരെൻ കൂട്ടുകാരിയെ
പെയ്യാതെ പോയ മഴക്കാല സന്ധ്യകൾ
മൊട്ടായി മുരടിച്ചു പോയ കാമായനം
ആടിത്തിമിർക്കുന്നൊരിടവപ്പെരുങ്കാളി
ചായ്ച്ചിട്ടുപോയൊരു മാവും മരങ്ങളും
ഒഴുകിപ്പരക്കു നീ കവിതയെന്നോർമ്മയിൽ
കുളിരുള്ള കർക്കിടപ്പെരുമഴത്തുള്ളിപോൽ

സഭയെ ഭയന്നുവിറയ്ക്കുന്ന കുട്ടി ഞാൻ
പറയുവാനുള്ളതു പറയുവാനായെന്റെ
ഉള്ളം തുടിക്കെപ്പുറം മടിക്കുന്നു
ഒപ്പിയെടുക്കു നീ കവിതേ
എനിക്കെന്റെ നഷ്ടങ്ങളല്ലാത്ത നഷ്ടങ്ങളെ
ഒഴുകിപ്പരക്കുകിന്നവനിലും ഇവനിലും
അതിരിലും പതിരിലും
പിന്നെയീ എന്നിലും.







No comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ