കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Wednesday 11 July 2012

Oru Bhatante Ormaykk - Murukan Kattakkada [ഒരു ഭടന്റെ ഓര്‍മ്മയ്ക്ക് - മുരുകൻ കാട്ടാക്കട]


ഒരു ഭടന്റെ ഓര്‍മ്മയ്ക്ക്


ഗിരിശൃംഗ ഹിമശയ്യയില്‍
മയങ്ങുന്നുവോ ഹേ ശരവണന്‍
വ്രണിതമാം മാതൃഹൃദയമോര്‍ത്തിന്നു
കരളുരുക്കുന്നുവോ ശരവണന്‍
നിന്‍ രുധിരചിത്രം പതിഞ്ഞ വസ്ത്രാഞ്ചലം
ഇറുകെ മാറില്‍ പുണര്‍ന്നു നിന്നിന്നവള്‍
ഇണശരം തീണ്ടി ധരണി പൂക്കവേ
കരളു കീറി കരയും ക്രൌഞ്ജമായ്
കനലുകക്കുന്ന കണ്ണുമായ് നില്‍ക്കവേ
കാറ്റ് ചൊല്ലി കരയാതിരിയ്ക്കുക

പുഞ്ചിരിച്ചവന്‍ ഭൂമിയെ പുല്‍കുന്നു
തന്‍ പിതാമഹന്‍ പൊന്‍ ശരശയ്യയില്‍
ഉത്തരായനം കാത്തുറങ്ങുന്നതും
തന്ത്രിപൊട്ടി വെടിയുതിര്‍ന്നീടവേ
തംബുരു ശ്രുതി റാം എന്നുരച്ചതും
മെല്ലെയോര്‍ത്തു കിടക്കയാണിന്നവന്‍
പട്ടുമെത്തപോല്‍ ആ മഞ്ഞു മെത്തയില്‍

പുഞ്ചിരിയ്ക്കയാണാമുഖം പിന്നെയും
പിന്നെയെന്തിനു നീ കരഞ്ഞീടണം
കാറ്റു ചൊല്ലി കരയാതിരിയ്ക്കുക
കരളിലൊരു കോണിലിപ്പോഴും നീയെന്ന
തരളമാം സത്യം അറിക നീയെങ്കിലും
കരളിലൊരു കോണില്‍ ഇപ്പോഴും പിച്ചിയും
തളിരിളം പാല പൂക്കയാണെങ്കിലും
കരളിലൊരു കോണില്‍ ഇപ്പോഴും പൂക്കളും
ചെറുവയല്‍ക്കിളി കുഞ്ഞുമാണെങ്കിലും
വിജന സന്ധ്യകളില്‍ വീണ്ടുമാ കുറുനരികള്‍
കുറുകുമൊറ്റയ്ക്ക് കാതോര്‍ത്തിരിപ്പവന്‍
അടയിരിയ്ക്കുന്നൊരമ്മയ്ക്ക് കൂട്ടായ്
തളിരുലയ്ക്കുന്നരരുമയ്ക്ക് കാവലായ്
അവന്‍ അവിടെയുണ്ടു നീ കരയാതിരിയ്ക്കുക
അവനുറങ്ങാന്‍, തണുക്കാന്‍, വിശന്നിടാന്‍
സമയമല്‍പ്പവും ബാക്കിയില്ലോര്‍ക്കുക
അവനെയോര്‍ത്തു നീ കരയാതിരിയ്ക്കുക
അവനെയോര്‍ത്തു നീ പുളകം പുതയ്ക്കുക

താരകങ്ങളില്‍ തിരയാതിരിയ്ക്കുക
സാഗരത്തിന്റെ സിംഹനാദങ്ങളില്‍
മണ്ണിന്റെ വറ്റാത്ത ഉപ്പുനീരില്‍
അവന്‍ അവിടെയുണ്ട്
നീ കരയാതിരിയ്ക്കുക..
കരയാതിരിയ്ക്കുക..!

No comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ