കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Sunday, 13 May 2012

Penkunju - Sugathakumari [പെൺകുഞ്ഞ് - സുഗതകുമാരി]


പെൺകുഞ്ഞ്  

ഇരുട്ടിൽ, തിരുമുറ്റത്ത്
കൊണ്ടു വെയ്ക്കുകയാണു ഞാൻ
പിഴച്ചു പെറ്റൊരീക്കൊച്ചു
പൈതലെ;ക്കാത്തു കൊള്ളുക

പെണ്ണാണ്, കൊന്നൊഴിച്ചീടാൻ
കഴിഞ്ഞീല, പൊറുക്കുക
നിൻമടിത്തട്ടിൽ ജീവിക്കാൻ
ഇവൾക്കുമിടമേകുക

അമ്മതൻ കണ്ണുനീർപ്പെയ്ത്തിൽ
കുളിപ്പി,ച്ചിറ്റു പാൽ കൊടു-
ത്തമ്മ തന്നുമ്മയാകും ശ്രീ-
തിലകം ചാർത്തി നെറ്റിമേൽ

ഇവളെപ്പാവമീക്കുഞ്ഞു
സീതയെ,ജ്ജഗദംബ, നിൻ
ഉഴവിൻ ചാലിലായ് മെല്ലെ
കിടത്തുന്നേൻ, അനാഥയായ്

നാളെ സൂര്യനുദിക്കുമ്പോ-
ളിവൾക്കും പകലെത്തുമോ
രാവിലേതോ കൂർത്ത പൽകൾ-
ക്കിടയ്ക്കിവളൊടുങ്ങുമോ?

നാളെയെന്താണ്! ഹാ, നാളെ!
ഇവൾ പെണ്ണ്! പിറന്നൊരീ
നാളിലേ വെടിയപ്പെട്ടോ-
രിവൾക്കെമ്മട്ടിൽ ജീവിതം?

ഇവളെന്നെങ്കിലും സ്നേഹ-
മെന്നതിനർഥമോരുമോ?
ഇവൾ മാഞ്ഞ മുഖത്തോടേ-
തനാഥാലയമെത്തുമോ?

ഇവൾ ഇന്ത്യൻ ഗിനിപ്പന്നി
ശാസ്ത്രത്തിൻ പണിമേശമേൽ
കരുവാകാൻ വിദേശത്തേ-
യ്ക്കുരുവായിപ്പറക്കുമോ?

ഇവളേതെങ്കിലും വീട്ടി-
ന്നോമനപ്പുത്രിയാകുമോ
ഇവളെക്കയ്യേകി മാറ-
ത്തണിയാൻ പ്രേമമെത്തുമോ?

ഇവൾക്കായ് സ്ത്രീധനം നൽകാൻ
ലക്ഷങ്ങൾ കരുതുന്നതാ-
രിവൾതൻ മേനി പൊന്നിട്ടു
മൂടി നൽകാനുമാരുവാൻ?

ഇവളെ, 'പ്പോര പൊന്നെ'ന്നു
തീത്തൈലത്തിലെരിക്കുമോ
ഇവളെ യൗവനം പോയെ
ന്നപ്പൊഴേ മൊഴി ചൊല്ലുമോ?

ഇവളെപ്പണി ചെയ്യിച്ചു
പട്ടിണിക്കിട്ടു കൊല്ലുമോ?
ഇവളെക്കൊടുമദ്യത്തിൻ
മദം തല്ലിച്ചതയ്ക്കുമോ?

ഇവളെ വഴിലേലത്തിൽ
ചന്തയിൽ വിളി കേൾക്കുമോ?
ഇവളെച്ചോന്ന തെരുവിൽ
പിഴിഞ്ഞൂറ്റിക്കുടിക്കുമോ?

ഇവളാം ചണ്ടി നഗര-
ക്കാനയിൽ ചീർത്തു പൊന്തുമോ?
ഇവൾ തൻ മേനിയാസ്പത്രി-
വ്രാന്തയിൽ ചീഞ്ഞുചാവുമോ?

ഇവൾ പിച്ചച്ചട്ടിയേന്തി
യിരന്നു പശിയാറ്റുമോ
ഇവൾ പെണ്ണല്ലയോ? പെണ്ണി-
ന്നുടയോൻ ദുഃഖമല്ലയോ?

ദേവിഭൂമി, നിനക്കെല്ലാ-
മറിയാം, നിന്റെ ചന്തയിൽ
പാഴ്വിലയ്ക്കുമെടുക്കാത്തോ-
ന്നല്ലി പെണ്ണിന്റെ ജീവിതം?

എങ്കിലും തങ്കമേ നീയെൻ
മുഖത്തേയ്ക്കുറ്റു നോക്കീടു-
ന്നെന്തിനോ പുഞ്ചിരിക്കൊള്ളു-
ന്നോർത്തു വിമ്മുന്നിടയ്ക്കിടെ

അമ്മയാം ഞാനുമിമ്മട്ടിൽ
പെണ്ണായ് വന്നു പിറന്നു പോയ്
എന്നെയും പാവമെന്നമ്മ-
യന്നു കൊല്ലാനറച്ചുപോയ്

ഇതൊക്കെ സത്യമാ;ണെന്നാൽ
സ്വപ്നം കാണട്ടെ ഞാനിനി
വെളിച്ചം വരും, സീത -
ക്കുട്ടിക്കും ജനകൻ വരും!

അക്കൈത്തണലിലായ് ദീപ്ത
ശുദ്ധിയായിവൾ നീർന്നിടും
അഗ്നി പൊള്ളില്ല, കാടേറി-
ല്ലിവളീ ഭൂമിതൻ മകൾ

വേല ചെയ്തു പുലർന്നോളായ്
പുലർത്തുന്നവളായ്, സ്വയം
ജീവിതം പൊൻകൊടിക്കൂറ
പോലുയർത്തിപ്പിടിച്ചിടും!

തല താഴില്ല, താഴ്ത്തില്ല
ഇവൾ തൻ കാലിൽ നില്പവൾ
ഇവൾ തൻ പുഞ്ചിരികൊള്ളും
മുഖമാണമ്മതൻ മുഖം!

ഇവൾക്കു മക്കളായ് ശക്തി
നാളങ്ങൾ പിറകേ വരും
ഇവൾ തൻ ചുമലിൽ ചാഞ്ഞീ
ഭൂമിയൊന്നാശ്വസിച്ചിടും

ഇന്നീച്ചന്തപ്പണത്തിക്കി-
ലാർക്കും വേണ്ടാതെ തള്ളിടും
കുഞ്ഞിനെപ്പറ്റിയും സ്വപ്നം
കാണുവാനർഹയാണു ഞാൻ

ഇരുട്ടു വാർന്നുപോകാറായ്
പോട്ടെ നിൽക്കുക  വയ്യിനി
ഒരിക്കൽക്കൂടിയീക്കുഞ്ഞു
നെറ്റിമേലുമ്മ  വെയ്ക്കുക

തിരിഞ്ഞു നോക്കിടാൻ പാടി-
ല്ലോടിപ്പോവുക, പോവുക
കരഞ്ഞുകൂട, വായ്  പൊത്തി-
ച്ചെവിപൊത്തിപ്പിടിക്കുക

ഉണങ്ങട്ടേ കണ്ണുകൾ! കണ്ണീർ
നിറഞ്ഞാലുൾവലിക്കുക
നിറഞ്ഞ    മാറിൽ വിങ്ങുന്ന
പാലൊലിക്കാതെയൊപ്പുക

മുറിഞ്ഞ മാറിൽ നിന്നിറ്റും
ചോര വീഴാതെ പോവുക
തിരിഞ്ഞു നോക്കിടാൻ പാടി-
ല്ലോടിപ്പോവുക...പോവുക

No comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ