കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Wednesday 4 April 2012

Manaswini - Changampuzha Krishnapilla [മനസ്വിനി - ചങ്ങമ്പുഴ കൃഷ്ണപിള്ള]


മഞ്ഞത്തെച്ചി പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്‍കാലേ,
നിന്നൂലളിതേ, നീയെന്മുന്നില്‍
നിര്‍വൃതി തന്‍ പൊന്‍കതിര്‍പോലെ!

ദേവ നികേത ഹിരണ്മയമകുടം
മീവീ ദൂരെ ദ്യുതിവിതറി
പൊന്നിന്‍ കൊടിമരമുകളില്‍ ശബളിത-
സന്നോജ്ജ്വലമൊരു കൊടി പാറി!

നീലാരണ്യ നിചോള നിവേഷ്ടിത-
നിഹാരാര്‍ദ്രമഹാദ്രികളില്‍,
കല്യലസജ്ജല കന്യക കനക-
ക്കതിരുകള്‍കൊണ്ടൊരു കണിവെയ്ക്കേ
കതിരുതിരുകിലൂമദൃശ്യ ശരീരകള്‍.
കാമദ കാനന ദേവതകള്‍
കലയുടെ കമ്പികള്‍ മീട്ടും മട്ടില്‍
കളകളമിളകീ കാടുകളില്‍!
മഞ്ഞല മാഞ്ഞിളവെയ്ലൊളിയില്‍,ദല-
മര്‍മ്മരമൊഴുകീ മരനിരയില്‍

ഈറന്‍ തുകിലില്‍ മറഞ്ഞൊരു പൊന്നല
പാറി മിനുങ്ങിയ തവഗാത്രം.
മിത്ഥ്യാവലയിത സത്യോപമരുചി
തത്തി ലസിച്ചൂ മമ മുന്നില്‍!
ദേവദയാമയ മലയജശകലം
താവിയ നിന്‍ കുളിര്‍നിടിലത്തില്‍.
കരിവരിവണ്ടിന്‍ നിരകള്‍ കണക്കെ-
ക്കാണായ്പ്പരിചൊടു കുറുനിരകള്‍!
സത്വഗുണശ്രീഃചെന്താമര മലര്‍
സസ്മിതമഴകില്‍ വിടര്‍ത്തിയപോല്‍,
ചടുലോല്‍പല ദളയുഗളം ചൂടി-
ചന്ദ്രിക പെയ്തൂ നിന്‍വദനം!

ഒറ്റപ്പത്തിയോടായിരമുടലുകള്‍
ചുറ്റുപിണഞ്ഞൊരു മണിനാഗം
ചന്ദനലതയിലദോമുഖശയനം
ചന്ദമൊടിങ്ങനെ ചെയ്യുമ്പോള്‍,
വിലസീ, വിമലേ ചെറിയൊരു പനിനീ-
രലര്‍ ചൂടിയ നിന്‍ ചികുരഭരം!
ഗാനം പോല്‍, ഗുണകാവ്യം പോല്‍ മമ
മാനസമോര്‍ത്തു സഖി നിന്നെ....

തുടുതുടെയൊരു ചെറു കവിത വിടര്‍ന്നു
തുഷ്ടിതുടിക്കും മമ ഹൃത്തില്‍!
ചൊകചൊകയൊരു ചെറുകവിത വിടര്‍ന്നൂ
ചോരതുളുമ്പിയ മമ ഹൃത്തില്‍!

മലരൊളി തിരളും മധുചന്ദ്രികയില്‍
മഴവില്‍ക്കൊടിയുടെ മുനമുക്കി,
എഴുതാനുഴറീ കല്‍പന ദിവ്യമൊ-
രഴകിനെ, എന്നെ മറന്നൂ ഞാന്‍!
മധുരസ്വപ്ന ശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാന്‍!
അദ്വൈതാമല ഭാവസ്പന്ദിത-
വിദ്യുന്മേഘല പൂകീ ഞാന്‍!....

രംഗം മാറി-കാലം പോയീ,
ഭംഗംവന്നൂ ഭാഗ്യത്തില്‍
കോടിയവസൂരിയിലുഗവിരൂപത
കോമരമാടീ നിന്നുടലില്‍.

കോമളരൂപിണി, ശാലിനി, നീയൊരു
കോലം കെട്ടിയമട്ടായി.
മുകിലൊളിമാഞ്ഞൂ, മുടികള്‍ കൊഴിഞ്ഞൂ
മുഖമതി വികൃതകലാവൃതമായ്,
പൊന്നൊളി പോയീ കാളിമയായി;
നിന്നുടല്‍വെറുമൊരു തൊണ്ടായീ.
കാണാന്‍ കഴിയാ-കണ്ണുകള്‍ പോയീ;
കാതുകള്‍ പോയീ കേള്‍ക്കാനും!

നവനീതത്തിനു നാണമണയ്ക്കും
നവതനുലതതന്‍ മൃദുലതയെ,
കഠിനം!- ചീന്തിയെറിഞ്ഞാരടിമുടി
കടുതലരാകിന വടുനിരകള്‍!

ജാതകദോഷം വന്നെന്തിന്നെന്‍
ജായാപദവി വരിച്ചൂ നീ?
പലപലരമണികള്‍ വന്നൂ, വന്നവര്‍
പണമെന്നോതി-നടുങ്ങീ ഞാന്‍.
പലപലകമനികള്‍ വന്നൂ, വന്നവര്‍
പദവികള്‍ വാഴ്ത്തീ- നടുങ്ങീ ഞാന്‍
കിന്നരകന്യകപോലെ ചിരിച്ചെന്‍-
മുന്നില്‍ വിളങ്ങിയ നീ മാത്രം,
എന്നോടരുളി: "യെനിക്കവിടുത്തെ-
പ്പൊന്നോടക്കുഴല്‍ മതിയല്ലോ!....
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!. ...."

പുളകമണിഞ്ഞിട്ടുടനടി ഞാനൊരു
പുതുലോകത്തിലെ യുവ നൃപനായ്.
ഇന്നോ ഞാനാ നാടുഭരിക്കും
മന്നവനല്ലോ, മമനാഥേ!
നീയോനിഹതേ, നീയോ?-നിത്യം
നീറുകയാണയി മമ ഹൃദയം.
കണ്ണുകളില്ല, കാതുകളില്ല-
തിണ്ണയില്‍ ഞാന്‍ കാല്‍ കുത്തുമ്പോള്‍,
എങ്ങനെ പക്ഷേ വിരിപ്പൂ ചുണ്ടില്‍
ഭംഗിയിണങ്ങിയ പുഞ്ചിരികള്‍?
അന്ധതകൊണ്ടും ഭവനം സേവന-
ബന്ധുരമാക്കും പൊന്‍തിരികള്‍?
അപ്പൊന്‍തിരികള്‍ പൊഴിഞ്ഞു വെളിച്ചം;
തപ്പുന്നോ പിന്നിരുളിതില്‍ ഞാന്‍?...
ദുര്‍വ്വാസനകളിടയ്ക്കിടെയെത്തി-
സര്‍വ്വകരുത്തുമെടുക്കുകിലും,
അടിയറവരുളുകയാണവയെന്നോ-
ടൊടുവില്‍-ശക്തിതരുന്നൂ നീ!
പ്രതിഷേധസ്വര മറിയാതെഴുമ-
പ്രതിമഗുണാര്‍ദ്ര മനസ്വിനി നീ
എങ്കിലുമേതോ വിഷമ വിഷാദം
തങ്കുവതില്ലേ നിന്‍കരളില്‍?
ഭാവവ്യാപക ശക്തി നശിച്ചോ-
രാവദനത്തിന്‍ ചുളിവുകളില്‍
ചില ചില നിമിഷം പായാറില്ലേ
ചിന്ത വിരട്ടിയ വീര്‍പ്പലകള്‍?
നിന്‍കവി,ളമലേ, നനയുന്നില്ലേ
നീ കുടികൊള്ളും വിജനതയില്‍?
കൊടുകാറ്റലറിപ്പേമഴ പെയ്തിടു-
മിടവപ്പാതി പ്പാതിരയില്‍
ശാരദ രജനിയിലെന്നതുപോല്‍, നീ
ശാലിനി, നിദ്രയിലമരുമ്പോള്‍.
അകലത്തറിയാത്തലയാഴികള്‍ത-
ന്നകഗുഹകളില്‍ നിന്നൊരു നിനദം,
പരുകിപ്പെരുകി വരുമ്പോലെന്തോ
സിരകളെയൊരു വിറയറിയിയ്ക്കേ.
കാട്ടാളന്‍ കണയെയ്തൊരു പൈങ്കിളി
കാതരമായിപ്പിടയുമ്പോല്‍,
പിടയാറില്ലേ നിന്‍ഹതചേതന
പിടികിട്ടാത്തൊരു വേദനയില്‍?....

വര്‍ണ്ണം, നിഴലു, വെളിച്ചം, നാദം
വന്നെത്താത്തൊരു തവ ലോകം
അട്ടിയി,ലട്ടിയി,ലിരുളിരുളിന്‍മേല്‍
കട്ടപിടിച്ചൊരു പാതാളം!
ഇല്ലൊരു തൈജസകീടം കൂടിയു-
മെല്ലാ,മിരുളാണിരുള്‍ മാത്രം!
മമതയിലങ്ങനെ നിന്നരികേ ഞാന്‍
മരുവും വേളയി,ലൊരുപക്ഷേ,
നീലനിലാവിലെ വനമേഖലപോല്‍
നിഴലുകളാടാമവിടത്തില്‍!
തെല്ലിടമാത്രം-പിന്നീടെല്ലാ-
മല്ലാ,ണെന്തൊരു ഹതഭാഗ്യം!
നിന്‍ കഥയോര്‍ത്തോര്‍ത്തെന്‍ കരളുരുകി-
സ്സങ്കല്‍പത്തില്‍ വിലയിക്കേ,
ഏതോനിര്‍വൃതിയിക്കിളികൂട്ടി
ചേതനയണിവൂ പുളകങ്ങള്‍!
വേദന, വേദന, ലഹരിപിടിക്കും
വേദന-ഞാനിതില്‍ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനില്‍ നിന്നൊരു
മുരളീ മൃദൂരവമൊഴുകട്ടേ



18 comments:

  1. Good Attempt. Appreciate you

    ReplyDelete
  2. Good attempt thanq u.. Can you pls put review also

    ReplyDelete
  3. Good attempt thanq u.. Can you pls put review also

    ReplyDelete
  4. Thank you so much. This is indeed a noble service.

    ReplyDelete
  5. i was searching for this poem for a long time. thanks you.
    and,i want to know about a poem/story(not sure) which i learnt in school about a bull working with Bullock cart. i hope the name is maniyan ...
    story line was something maniyan was a good Kala and the owner was also very much attached. due to old age,he sold it and later found in Butcher market. shocked to see it,he purchased him back..somthing...something...

    ReplyDelete
    Replies
    1. Sadhikunna kalappa -story
      Ponkunnam varkey
      I think you mean this one...

      Delete
    2. No he meant maanikan by lalithambika antharjanam....ri8?👀

      Delete
  6. Summary കൂടി വേണമായിരുന്നു..

    ReplyDelete
  7. ഞാൻ ഒരു ബി.എ മലയാളം വിദ്യാർത്ഥിനി ആണ്.ഇതിന്റെ ഒരു summary കൂടി വേണമായിരുന്നു.

    ReplyDelete