കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Wednesday 4 April 2012

Bhoomikkoru Charamageetham - ONV Kurup [ഭൂമിയ്ക്കൊരു ചരമഗീതം - ഓ എൻ വി കുറുപ്പ്]


ഭൂമിയ്ക്കൊരു ചരമഗീതം


ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-
നിഴലില്‍ നീ നാളെ മരവിക്കേ,
ഉയിരറ്റനിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും!
ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ;
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!

പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ
എണ്ണിയാല്‍ തീരാത്ത,
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തു പെറ്റു!
ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നൂ!
പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ
തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ
നിന്നു നീ സര്‍വംസഹയായ്!

ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ-
യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍-
ക്കൊരു ദാഹമുണ്ടായ് (ഒടുക്കത്തെ ദാഹം!)-
തിരുഹൃദയ രക്തം കുടിക്കാന്‍!
ഇഷ്ടവധുവാം നിന്നെ സൂര്യനണിയിച്ചൊരാ-
ചിത്രപടകഞ്ചുകം ചീന്തി
നിന്‍ നഗ്നമേനിയില്‍ നഖം താഴ്ത്തി മുറിവുകളില്‍-
നിന്നുതിരും ഉതിരമവര്‍മോന്തി
ആടിത്തിമര്‍ക്കും തിമിര്‍പ്പുകളിലെങ്ങെങ്ങു-
മാര്‍ത്തലക്കുന്നു മൃദുതാളം!

അറിയാതെ ജനനിയെപ്പരിണയിച്ചൊരു യവന-
തരുണന്റെ കഥയെത്ര പഴകീ
പുതിയ കഥയെഴുതുന്നു വസുധയുടെ മക്കളിവര്‍
വസുധയുടെ വസ്ത്രമുരിയുന്നു!
വിപണികളിലവ വിറ്റുമോന്തുന്നു, വിട നഖര-
മഴുമുനകള്‍ കേളി തുടരുന്നു!
കത്തുന്ന സൂര്യന്റെ കണ്ണുകളില്‍നിന്നഗ്നി
വര്‍ഷിച്ചു രോഷമുണരുന്നു!
ആടിമുകില്‍മാല കുടിനീര് തിരയുന്നു!

ആതിരകള്‍ കുളിരു തിരയുന്നു.
ആവണികളൊരു കുഞ്ഞുപൂവ് തിരയുന്നു!
ആറുകളൊഴുക്ക് തിരയുന്നു!
സര്‍ഗലയതാളങ്ങള്‍ തെറ്റുന്നു, ജീവരഥ-
ചക്രങ്ങള്‍ ചാലിലുറയുന്നു!
ബോധമാം നിറനിലാവൊരു തുള്ളിയെങ്കിലും
ചേതനയില്‍ ശേഷിക്കുവോളം
നിന്നില്‍ നിന്നുയിരാര്‍ന്നൊ-
രെന്നില്‍ നിന്നോര്‍മകള്‍ മാത്രം!

നീ, യെന്റെ രസനയില്‍ വയമ്പും നറും തേനു-
മായ് വന്നൊരാദ്യാനുഭൂതി!
നീ, എന്റെ തിരി കെടും നേരത്ത് തീര്‍ത്ഥകണ-
മായലിയുമന്ത്യാനുഭൂതി!

നിന്നില്‍ കുരുക്കുന്ന കറുകയുടെ നിറുകയിലെ
മഞ്ഞുനീര്‍ തുള്ളിയില്‍പ്പോലും
ഒരു കുഞ്ഞു സൂര്യനുണ്ടതു കണ്ടുദിച്ചിതെന്‍-
കരളിലൊരു വിസ്മയവിഭാതം!
നിന്റെ തരുനിരകളുടെ തണലുകളില്‍ മേഞ്ഞുപോ-
യെന്നുമെന്‍ കാമമാം ധേനു.
നിന്റെ കടലിന്‍മീതെയേതോ പ്രവാചകര്‍
വന്നപോല്‍ കാറ്റുകള്‍ നടന്നൂ.

ആയിരമുണ്ണിക്കനികള്‍ക്കു തൊട്ടിലും
താരാട്ടുമായ് നീയുണര്‍ന്നിരിക്കുന്നതും
ആയിരം കാവുകളിലൂഞ്ഞാലിടുന്നതും
ആലിലത്തുമ്പത്തിരുന്നു തുളളുന്നതും
അഞ്ചിതല്‍ പൂക്കളായ് കൈയാട്ടി നില്‍പതും
അമ്പലപ്രാവായി നീ കുറുകുന്നതും
ആയിരം പുഴകളുടെയോളങ്ങളായെന്റെ
ആത്മഹര്‍ഷങ്ങള്‍ക്കു താളം പിടിപ്പതും
പൂവാകയായ് പുത്തിലഞ്ഞിയായ് കൊന്നയായ്
പുത്തനാം വര്‍ണ്ണകുടകള്‍ മാറുന്നതും.
കൂമന്റെ മൂളലായ് പേടിപ്പെടുത്തി നീ
കുയിലിന്റെ കൂകയലായ് പേടിതീര്‍ക്കുന്നതും
അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു
വര്‍ണ്ണങ്ങള്‍ ചെപ്പിലൊതുക്കി വെക്കുന്നതും
സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും
സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെത്തോളിലേറ്റുന്നതും
എന്നെയുമുണര്‍ത്തുവാ, നെന്നയമൃതൂട്ടുവാന്‍,
കദളിവന ഹൃദയ നീഡത്തിലൊരു കിളിമുട്ട
അടവച്ചു കവിതയായ് നീ വിരിയിപ്പതും
ജലകണികപോലവേ തരളമെന്‍ വാഴ്വിനൊരു
നളിനദലമായി നീ താങ്ങായി നില്പതും
അറിയുന്നു ഞാ, നെന്നില്‍ നിറയുന്നു നീ, യെന്റെ
അമൃതമീ നിന്‍ സ്മൃതികള്‍ മാത്രം!

ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ!
അരിയ നിന്‍ ചിറകിന്റെ-
യൊരു തൂവലിന്‍ തുമ്പി-
ലൊരു മാത്രയെങ്കിലൊരു മാത്ര, യെന്‍ വാഴ്വെന്ന
മധുരമാം സത്യം ജ്വലിപ്പൂ!
അതു കെട്ടുപോകട്ടെ! -- നീയാകുമമൃതവും
മൃതിയുടെ ബലിക്കാക്ക കൊത്തീ...!
മുണ്ഡിതശിരസ്കയായ് ഭ്രഷ്ടയായ് നീ സൗര-
മണ്ഡലപ്പെരുവഴിയിലൂടെ
മാനഭംഗത്തിന്റെ മാറാപ്പുമായി സ-
ന്താന പാപത്തിന്റെ വിഴുപ്പുമായി
പാതിയുമൊഴിഞ്ഞൊരു മനസ്സിലതിതീവ്രമാം
വേദനകള്‍ തന്‍ ജ്വാല മാത്രമായി
പോകുമിപ്പോക്കില്‍ സിരകളിലൂടരി-
ച്ചേറുകയല്ലീ കരാളമൃത്യൂ?....

ഇനിയും മരിക്കാത്ത ഭൂമി ?
ഇതു നിന്റെ മൃതശാന്തി ഗീതം!
ഇതു നിന്റെ (എന്റെയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം!
ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
ഉദകം പകര്‍ന്നു വിലപിക്കാന്‍
ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
ഇതുമാത്രമിവിടെ എഴുതുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയില്‍ നിനക്കാത്മശാന്തി!

34 comments:

  1. nigalude ee sramam vijayikkatte , kavithakale snehikkunnavarkkuy ethu oru muthalkuttu avum

    ReplyDelete
  2. nigalude ee sramam vijayikkatte , kavithakale snehikkunnavarkkuy ethu oru muthalkuttu avum

    ReplyDelete
  3. അറിയാതെ ജനനിപ്രണയിച്ച യവനതരുണന്റെ കഥയെത്ര പഴകി..
    പുതിയ കഥയെഴുതുന്നു.. വസുധയുടെ മക്കളിവര്‍ വസുധയുടെ വസ്ത്രമുരിയുന്നു..
    വിപണികളിലവ വിറ്റ്‌ മോന്തുന്നു ..വിടനഖര മഴുമുനകള്‍ കേളി തുടരുന്നു...

    ആകുലതകള്‍ ഒക്കെയും ബാക്കിയാക്കി അങ്ങരങ്ങ് ഒഴിയുമ്പോള്‍ ... മനസ്സിലെന്നും മരിക്കാത്ത ഗുരുവേ.. നിനക്കാത്മശാന്തി.....

    ReplyDelete
    Replies
    1. ഞങ്ങളെ പോലുള്ള സ്റ്റുഡന്റസിനെ ഇതേ നല്ലൊരു സംരംഭമാണ് നന്ദിയുണ്ട് കാവ്യകേളി

      Delete
  4. Iniyum marikatha bhoomi.. Ithu ninte mritashanthi geetham.. Kavipithave vida..

    ReplyDelete
  5. ഉയിരറ്റ നിന്‍ മുഖത്തശ്രുബിന്ദുക്കളാല്‍... ഉദകം പകര്‍ന്നു വിലപിക്കാന്‍... ഒരു ജനത ഉണ്ട് ഇവിടെ...

    ആദരാഞ്ജലികള്‍...

    ReplyDelete
  6. Ayiram unnikale urakky nee jagramay tharattupady unarnnirikkunnu

    Amme nee yethra pavithram

    ReplyDelete
  7. Ayiram unnikale urakky nee jagramay tharattupady unarnnirikkunnu

    Amme nee yethra pavithram

    ReplyDelete
  8. kavyakelikk ayiram ashamsakal

    ReplyDelete
  9. Great idea and effort to compile these in a blog.. Aashamsakal

    ReplyDelete
  10. Great idea and effort to compile these in a blog.. Aashamsakal

    ReplyDelete
  11. Good idea with lot of information hands off you

    ReplyDelete
  12. Thank you so much.....for this...a small word went wrong....
    Ninnuthirum rudhiramavar monthy

    ReplyDelete
  13. Correction # aarthalaykunnu mrithithaalam

    ReplyDelete
  14. Correction # kuyilinte kookalay pedi maatunnathum

    ReplyDelete
  15. Last line #amrithashanthi

    ReplyDelete
  16. എല്ലാവിധ ഭാവുകങ്ങളും

    ReplyDelete
  17. ഈ മഹത്തായ ശ്രമം വിജയിക്കട്ടെ

    ReplyDelete
  18. ഒ.എന്‍.വി. സാറിന്‍ വരികൾ അത്ഭുതകരം പ്രചോദനപ്രദം, ഈ സംരംഭം മഹത്തായത്

    ReplyDelete
  19. കവിതാ വിശകലനം കൂടി നല്കിയാൽ ഉപകാരപ്രദമാകും

    ReplyDelete
  20. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇത്രയൊക്കെ കണ്ടിട്ടും കേട്ടിട്ടും പഠിക്കാത്ത നമ്മൾ ആണത്രേ ലോകത്തിലെ എറ്റവും ബുദ്ധിമാനായ ജീവി. ഫൂ

    ReplyDelete
  21. ഇപ്പോൾ കല നിയോഗം പോലെ മാനവ രാശിയുടെ അന്ത്യം കുറിക്കാൻ പ്രകൃതി തന്നെ തുടക്കം കുറിച്ചു .
    ഇനി അവശേഷിക്കുന്നവർക്ക് പറയാം എല്ലാറ്റിനും കാരണക്കാർ എന്റെ തലമുറക്കാർ .ഇവിടെ കുറിച്ചിടട്ടെ എന്റെയും അന്ത്യ യാത്രാമൊഴി .കൊറോണ ചൂടുന്ന താപത്തിൽ നഗരം നിശ്ചലമാകുന്നു .

    ReplyDelete
  22. പണ്ട് ഹൈസ്കൂളിൽ പഠിച്ചതിനു രജത ജൂബിലിക്കു ശേഷം വീണ്ടും ഇന്ന് ഓൺ ലൈൻ റേഡിയോയിൽ മഹാകവിയുടെ ശബ്ദ സാന്നിധ്യത്തിൽ കേട്ടുകൊണ്ട് ഈ വരികൾ വായിച്ച് ഒടുവിലെത്തിയപ്പോൾ കണ്ണു നിറഞ്ഞു ....🙏🙏

    ReplyDelete
  23. bhumi enna kavithayude explanation kittumo sir 8 class cbse

    ReplyDelete
  24. Such a phenomenal poem!

    ReplyDelete