കരയുന്ന കുഞ്ഞിനു മുലപ്പാലു പോലെന്റെ പാഥേയമാകുന്നീ കാവ്യഭംഗി

Thursday, 2 May 2013

കുമാരനാശാൻ

ജഗദധീശ! രാത്രിയും ശശാങ്കതാരകങ്ങളും
പകലുമര്‍ക്കബിംബവും നിറന്ന മേഘജാലവും
മൃഗകദംബ പക്ഷി വൃക്ഷ പുഷ്പ ശലഭവൃന്ദവും
മികവില്‍ നിന്റെ വൈഭവങ്ങള്‍ വാഴ്ത്തിടുന്നു ദൈവമേ!
ഗഗനമെന്തൊരത്ഭുതം സമുദ്രമെന്തൊരത്ഭുതം
നിഖില ജീവജാലജീവനെന്നതെന്തൊരത്ഭുതം
സകലതും രചിച്ചതോര്‍ക്കിലഖിലനാഥനായ നീ
സകലശക്ത നിന്‍പദം നമിച്ചിടുന്നു ഞാന്‍ വിഭോ!
ദീനരില്‍ കൃപാരസം കലര്‍ന്നലിഞ്ഞീടേണമെന്‍
മാനസം, ഭവാനതിന്നു കരുണചെയ്ക സന്തതം
ഊനമറ്റ ചിത്തശുദ്ധി കൃത്യസക്തി തൃപ്തിയും
ഞാനിളച്ചിടായ്വതിന്നു നീ കടാക്ഷമേകണം.
ശോഭയിജ്ജനത്തിനുള്ളതൊക്കെ നഷ്ടമാകിലും
താപമച്ഛനമ്മമാര്‍ക്കുമാര്‍ക്കുമാര്‍ന്നിടാതെയും
കോപമത്സരാദിയെന്‍ മനസ്സിലേശിടാതെയും
നീ ഭരിച്ചു കാത്തുകൊള്‍ക ഞങ്ങളെ ദയാനിധേ!
രമ്യമായ മേടമേല്‍ സുഖിച്ചു ഞാനിരിക്കിലും
കര്‍മശക്തികൊണ്ടു വല്ല ചെറ്റയില്‍ കിടക്കിലും
എന്മനസ്സധര്‍മചിന്ത വിട്ടിരിപ്പതിന്നു നീ
ചിന്മയപ്രഭോ! കനിഞ്ഞനുഗ്രഹിക്ക ദൈവമേ.
ക്ഷണമൊരോന്നുപോകവേ ക്ഷയിച്ചിടുന്നു ജീവിതം
ഗുണമസംഖ്യമാളുകള്‍ക്കുചെയ്തിടേണ്ടതുണ്ടിവന്‍
ഉണര്‍വൊടെന്നുമെന്‍ പ്രവൃത്തി സമയനിഷ്ഠയോടു ഞാന്‍
അണുവിടാതെ ചെയ്യുമാറനുഗ്രഹിക്ക ദൈവമേ!
തുഷ്ടി ഞാന്‍ നിമിത്തമെന്റെ നാട്ടിനും ജഗത്തിനും
പുഷ്ടിയാര്‍ന്നു കാണ്മതിന്നെനിക്കു ഭാഗ്യമേകണം
ശിഷ്ടസംഗമത്തിനുള്ള യോഗവും ഭവിക്കണം
വിഷ്ടപേശ ഭക്തലോകപാലനാഥ പാഹിമാം!

No comments:

Post a Comment

മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ